kalyanam


 സ്വർണ്ണവിലയും കൊവിഡ് നിയന്ത്രണങ്ങളും വിലങ്ങുതടി

ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങൾക്കു മീതേ കുതിച്ചുയരുന്ന സ്വർണ്ണവില വിവാഹ സ്വപ്നങ്ങൾക്ക് തിരിച്ചടിയാവുന്നു.

ലോക്ക്ഡൗൺ മൂലം ഏപ്രിൽ, മേയ് മാസങ്ങളിലെ തീയതി നീട്ടിവച്ച ഭൂരിഭാഗം പേരും ചിങ്ങത്തിലാണ് പുതിയ മുഹൂർത്തം നിശ്ചയിച്ചിരിക്കുന്നത്.

കൊവിഡിനെ ഉടൻ പിടിച്ചുകെട്ടുമെന്ന പ്രതീക്ഷയിൽ അടിച്ചുവച്ച കല്യാണക്കുറികൾ വീടുകളിൽ തന്നെയിരിപ്പാണ്. ഓരോ ദിവസവും കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ 50 പേരെയെങ്കിലും പങ്കെടുപ്പിക്കാനാവുമോ എന്ന കാര്യത്തിലും ഉറപ്പില്ല. വിവാഹ ക്ഷണം ഫോൺ മുഖാന്തിരം ആരംഭിച്ചവരുണ്ട്. ഇതിനിടെയാണ് ഇടിത്തീ പോലെ സ്വർണ വിലയിലെ കുതിപ്പ്. റെക്കോഡുകൾ ഭേദിച്ചെത്തിയ വിലയ്ക്ക് ആഭരണങ്ങൾ വാങ്ങുകയെന്നത് സാധാരണക്കാർക്ക് ബുദ്ധിമുട്ടാണ്. പണിക്കൂലി ഉൾപ്പെടെ നൽകിവരുമ്പോൾ, കരുതിയ തുകയ്ക്ക് പ്രതീക്ഷിച്ചത്ര തൂക്കത്തിൽ ആഭരണങ്ങൾ ലഭിക്കില്ല. കണ്ടെയ്ൻമെന്റ് സോണുകളിൽ ബാങ്കുകൾ പ്രവർത്തിക്കാത്തതാണ് മറ്റൊരു വെല്ലുവിളി.

വായ്പ കൈപ്പറ്റാനോ, സ്വർണപ്പണയത്തിനോ പോലും സാധിക്കുന്നില്ല. സദ്യയൊരുക്കത്തിന് പാചകക്കാരെ ബുക്ക് ചെയ്യുമ്പോഴും, എത്ര പേരുടെ സദ്യ വേണമെന്ന് ഓർഡർ നൽകാൻ സാധിക്കുന്നില്ല. റിസപ്ഷനടക്കം ചടങ്ങുകൾ നിശ്ചയിക്കാനാവുന്നില്ല. സമ്പൂർണ ലോക്ക് ഡൗൺ എന്ന തീരുമാനത്തിലേക്ക് സർക്കാരെത്തിയാൽ വീണ്ടും വിവാഹത്തീയതി മാറ്റിവെയ്ക്കേണ്ടിവരുമോയെന്ന അങ്കലാപ്പിലാണ് കുടുംബങ്ങൾ.

.......................................

വിവാഹ ചെലവിനായി ആധാരം പണയപ്പെടുത്തി ലോണെടുക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് ചേർത്തലയിൽ ട്രിപ്പിൾ ലോക്ക് ഡൗണെത്തിയത്. ഇനി എന്ന് വിവാഹ ഒരുക്കങ്ങൾ ആരംഭിക്കാനാവുമെന്നറിയില്ല

(അടുത്തമാസം വിവാഹം നിശ്ചയിച്ചിരിക്കുന്ന പെൺകുട്ടിയുടെ പിതാവ്)

............................

സ്വർണച്ചിട്ടിയും കുറിച്ചിട്ടിയും പിടിച്ച് സ്വരുക്കൂട്ടിയ പണവുമായാണ് സ്വർണമെടുക്കാനെത്തിയത്. വിലക്കയറ്റം മൂലം, പ്രതീക്ഷിച്ചത്ര സ്വർണം മകൾക്കായി വാങ്ങാൻ സാധിക്കുന്നില്ല

മഹേഷ്, രക്ഷാകർത്താവ്

.................................................

# വിവാഹത്തിൽ പങ്കെടുക്കാവുന്നവരുടെ എണ്ണം

 സാധാരണ സ്ഥലങ്ങളിൽ: 50 പേർ

 കണ്ടെയ്ൻമെന്റ് സോണിൽ: 20 പേർ

....................

# പ്രതിസന്ധികൾ

 വിവാഹക്ഷണത്തിന് ഫോൺ മാത്രം ആശ്രയം

 കണ്ടെയ്ൻമെന്റ് സോണാകുമോയെന്ന ആശങ്ക

 സ്വർണവിലയിലെ കുതിപ്പ്

 സമ്പൂർണലോക്ക് ഡൗൺ ഭീഷണി

 ആഘോഷം ആഗ്രഹിച്ചവർക്ക് മോഹഭംഗം

................................

# നേട്ടങ്ങൾ

ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിലും ആർഭാടത്തിലും കുറവ് വരുന്നത് ചെലവ് ചുരുക്കാൻ സഹായിക്കും