s

 തയ്യൽ തൊഴിലാളികൾ പ്രതിസന്ധിയിൽ

ആലപ്പുഴ: വീട്ടിലിരുന്ന് വരുമാനം നേടാനാവുന്ന ചെറുകിട സംരംഭമാണെങ്കിലും, എല്ലാം അടച്ചുപൂട്ടി വീട്ടിലിരിക്കവേ യാതൊരു വരുമാനവുമില്ലാത്ത അവസ്ഥയിലാണ് തയ്യൽ തൊഴിലാളികൾ.

ആഘോഷങ്ങൾ ചുരുങ്ങിയതോടെ പുതുവസ്ത്രത്തിന് ആവശ്യക്കാരില്ലാതായി. പലരും റെഡിമെയ്ഡ് വസ്ത്രങ്ങളെ ആശ്രയിക്കുന്നു. സംസ്ഥാനത്ത് ആയിരക്കണത്തിന് വീട്ടമ്മമാരാണ് വീട്ടുജോലിക്കൊപ്പം തയ്യൽ നടത്തിയിരുന്നത്. കുടുംബ ബഡ്ജറ്റ് താളംതെറ്റാതെ പിടിച്ചുനിറുത്തുന്നതിൽ ഈ വരുമാനം വഹിച്ചിരുന്ന പങ്കും വലുതാണ്. സ്കൂൾ യൂണിഫോം മുതൽ ബ്ലൗസും ചുരിദാറുമടക്കം നിരവധി ഓർഡറുകൾ ഒന്നിനു പുറകേ ഒന്നായി എത്തിക്കൊണ്ടിരുന്ന സ്ഥാനത്ത്, ഇന്ന് വീടുകളിൽ തയ്യൽ മെഷീൻ തുരുമ്പുപിടിക്കാതിരിക്കാൻ എണ്ണയിടേണ്ട അവസ്ഥയാണ്. സ്കൂൾ സീസൺ പൂർണമായും കൈവിട്ടുപോയി. കല്യാണ സീസണിനും ഡിമാൻഡില്ല. കഴിഞ്ഞ നാലുമാസത്തിനിടെ വിരലിലെണ്ണാവുന്ന ആളുകൾ മാത്രമാണ് തയ്‌ക്കാൻ തുണിയുമായി എത്തിയതെന്ന് തൂക്കുകുളം സ്വദേശിയും വീട്ടമ്മയുമായ സുധ പറയുന്നു.

ക്ഷേമനിധി അംഗങ്ങൾക്ക് 1000 രൂപയുടെ ഇടക്കാലാശ്വാസം ലഭിച്ചിരുന്നു. ഈ വർഷം സ്കൂൾ അദ്ധ്യയനം ആരംഭിക്കുമെന്ന് പ്രതീക്ഷയില്ല. ആരംഭിച്ചാൽത്തന്നെ, പുത്തൻ യൂണിഫോമിന് അധികം ആവശ്യക്കാരുണ്ടാവില്ല. ഏപ്രിൽ മുതൽ ജൂൺ അവസാനം വരെ നീണ്ടുനിൽക്കുന്ന സ്കൂൾ സീസൺ കഴിഞ്ഞാൽ കൂടുതൽ ഓർഡറുകൾ ലഭിക്കുന്നത് ഓണം- കല്യാണ സീസണായ ചിങ്ങത്തിലാണ്. നഗരങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചെറിയ തയ്യൽ കടകളിൽ നിന്നു ഭൂരിഭാഗം ജീവനക്കാരെയും ഒഴിവാക്കിയിരിക്കുകയാണ്. സ്ഥിര വരുമാനം നിലച്ചതോടെ പലകുടുംബങ്ങളിലും ബാദ്ധ്യത കുന്നുകൂടുന്ന സ്ഥിതിയാണ്.

..........................

45 വർഷമായി തയ്യൽ മേഖലയിലുണ്ട്. സ്കൂൾ സീസണിൽ ലഭിച്ച വരുമാനം കൊണ്ടാണ് കഴിഞ്ഞ വർഷം ആറ് മാസത്തെ വാടക കുടിശ്ശിക അടക്കമുള്ള കടങ്ങൾ വീട്ടിയത്. ഓർഡറുകൾ ലഭിക്കാത്തതിനാൽ ഇപ്പോൾ എല്ലാ ദിവസവും കട തുറക്കാറില്ല

രമേശൻ, ആലപ്പുഴ

......................................

സ്ഥിരം തയ്യൽ ലഭിച്ചുകൊണ്ടിരുന്നപ്പോൾ വീട്ടുചെലവിന് യാതൊരു മുട്ടുമില്ലായിരുന്നു. നിത്യച്ചെലവുകൾ തയ്യൽ വരുമാനംകൊണ്ട് നടന്നുപോയിരുന്നതിനാൽ ഭർത്താവിന്റെ വരുമാനത്തിൽ നിന്നു മിച്ചം പിടിക്കാൻ സാധിച്ചിരുന്നു. പക്ഷേ ഇപ്പോൾ ആരും തുണികളുമായി എത്താറില്ല

സുധ, തൂക്കുകുളം

.................................

വരുമാനം

 ബ്ലൗസ്: 125 രൂപ

 ലൈനിംഗ് ബ്ലൗസ്: 250 രൂപ

 ചുരിദാർ: 300 രൂപ

 സ്കൂൾ യൂണിഫോം: 350 - 400 രൂപ

....................