ഇന്നലെ പുതുതായി അഞ്ചുപേർ
കായംകുളം: കായംകുളത്ത് ഇന്നലെ അഞ്ചുപേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 98 ആയി. കായംകുളം മാർക്കറ്റുമായുള്ള സമ്പർക്കത്തിലൂടെയാണ് അഞ്ച് പേർക്കും രോഗം പകർന്നത്. അറന്നൂറോളം പേരുടെ ഫലങ്ങൾ വരാനുണ്ട്.
ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ഇന്ന് വൈകിട്ടു മുതൽ കൊവിഡ് ബാധിതരെ പ്രവേശിപ്പിച്ചു തുടങ്ങും. ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച എല്ലാ സൗകര്യങ്ങളും സി.എഫ്.എൽ.ടി.സിയിൽ ഒരുക്കിയിട്ടുണ്ട്. ഇതിനായി 50 ലക്ഷം നഗരസഭയുടെ പ്ലാൻ ഫണ്ടിൽ നിന്നു ചെലവഴിക്കും.
കായംകുളം സർക്കാർ ആശുപത്രിയിലെ മുകൾ നിലയിലും സമീപമുള്ള കായംകുളം ടി.എ കൺവെൻഷൻ സെന്ററിലും ഒയാസിസ് ആഡിറ്റോറിയത്തിലുമായാണ് 200 പേരെ കിടത്തി ചികിത്സിക്കാൻ സൗകര്യമുള്ള കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ സജ്ജമാക്കിയത്. എന്നാൽ ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ആവശ്യത്തിന് സുരക്ഷ ഇല്ലന്ന കാരണത്താൽ ഇന്നലെ പ്രതിഷേധിച്ചിരുന്നു.
സുരക്ഷാ കിറ്റുകൾ വേണ്ടത്രയില്ലെന്നും തുടർച്ചയായ ഡ്യൂട്ടി മൂലം വീട്ടിൽ പോകാൻ കഴിയുന്നില്ലന്നും പറഞ്ഞാണ് ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും പ്രതിഷേധവുമായി ആശുപത്രി സൂപ്രണ്ടിന് മുന്നിലെത്തിയത്. നിരീക്ഷണത്തിലുള്ളവരെ പാർപ്പിക്കുന്ന എൽമെക്സ് ആശുപത്രിയിലേക്കും മറ്റും ഇവിടെ നിന്ന് ജീവനക്കാരെ മാറ്റിയതിനാൽ അമിത ജോലിഭാരം ഉണ്ടന്നും അവർ പരാതിപ്പെട്ടു. സംഭവം ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കൽ ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിച്ചതായി നഗരസഭ ചെയർമാൻ എൻ.ശിവദാസൻ പറഞ്ഞു.
-------------------------
ലോറികൾക്ക് നിയന്ത്രണം
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചരക്കു വാഹനങ്ങൾ കായംകുളം സസ്യ മാർക്കററിൽ പ്രവേശിക്കുന്നത് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കുന്നതിന് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെടാൻ നഗരസഭ മോണിറ്ററിംഗ് കമ്മിറ്റി തീരുമാനിച്ചതായി നഗരസഭാ ചെയർമാൻ അറിയിച്ചു.
സസ്യമാർക്കറ്റിലൂടെ രോഗം അതിവേഗം പടരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നത് ഗുരുതമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. സസ്യമാർക്കറ്റ് സ്ഥിതിചെയ്യുന്ന നഗരസഭ 9-ാം വാർഡിൽ കൊവിഡ് പ്രതിരോധത്തിന് പ്രത്യേക ക്ലസ്റ്റർ രൂപീകരിക്കേണ്ട സാഹചര്യമാണുള്ളത്. ഈ വാർഡിൽ താമസിക്കുന്നവർ സാമ്പിൾ പരിശോധനയ്ക്ക് തയ്യാറാകണം.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നഗരത്തിൽ ഇറച്ചി വ്യാപാരം നടത്തുന്നതിന് അനുവാദം നൽകാൻ കളക്ടറോട് ആവശ്യപ്പെടാനും തീരുമാനിച്ചു. നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ദുരിതം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ വാർഡ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തിൽ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്യും.