ആലപ്പുഴ : പല്ലനയിലെ മഹാകവി കുമാരനാശാൻ സ്മാരകത്തോടുള്ള അധികൃതരുടെ അവഗണന അവസാനിക്കുന്നില്ല.
കുമാരകോടിയിൽ മൂന്ന് കോടിയിലധികം രൂപ മുടക്കി നിർമ്മിച്ച സ്മാരകം സാംസ്കാരിക വകുപ്പിന് കൈമാറാൻ പോലും കഴിഞ്ഞിട്ടില്ല.
കെങ്കേമമായി ഉദ്ഘാടനം നടത്തിയിട്ട് ഒരു വർഷം കഴിഞ്ഞു.
നിർമ്മാണ ഏജൻസിയായ തിരവനന്തപുരം ജിറ്റ്പാക്കിന് അന്തിമ ബിൽതുക നൽകുന്നതിലുള്ള കാലതാമസമാണ് സ്മാരകം കൈമാറുന്നതിനുള്ള തടസം. 3.12കോടി രൂപ മുടക്കി ചെലവഴിച്ച സ്മാരകം കഴിഞ്ഞ വർഷം ജൂൺ 21ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്ത്. ജിറ്റ്പാക്കിന് അരക്കോടിയിൽ അധികം രൂപ നൽകാനുണ്ട്. തുക നൽകിയില്ലെങ്കിലും സ്മാരകം ഏറ്റെടുക്കണമെന്ന് ജിറ്റ്പാക്ക് ആവശ്യപ്പെട്ടിട്ടുണ്ട്. സംരക്ഷിക്കാൻ ആളില്ലാതെ സ്മൃതിമണ്ഡപം നശിക്കുകയാണ്. 1974ൽ നിർമ്മിച്ച പഴയ കെട്ടിടം 2014 ഒക്ടോബർ 27നാണ് പൊളിച്ച് നീക്കിയത്. പുതിയ സ്മാരകം ഒരു വശത്ത് നിന്ന് നോക്കുമ്പോൾ ബോട്ടിന്റെയും മറു വശത്ത് നിന്നും നോക്കിയാൽ തൂലികയുടെയും രൂപത്തിലാണ്.വാതിൽ ശ്രീബുദ്ധന്റെ ആശ്രമകവാടം മാതൃകയിലാണ് നിർമ്മിച്ചത്. കവിതകളിലെ കഥാപാത്രങ്ങളുടെ ചുവർ ചിത്രങ്ങളും ആശാന്റെ ജീവചരിത്രവും സ്മാരകത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. തൂലികയുടെ നിർമ്മാണത്തിന് ഉപയോഗിച്ച ഇരുമ്പ് പൈപ്പുകൾ തുരുമ്പെടുത്തു തുടങ്ങി. ബോട്ട് ജെട്ടിയും റസ്റ്റോറന്റ് കെട്ടിടങ്ങളും ചുറ്റുമുള്ള ലാൻഡ്സ്കേപ്പും നാശത്തിന്റെ വക്കിലാണ്. കഴിഞ്ഞ 13മാസമായി നിർമ്മാണ ഏജൻസിയാണ് രണ്ട് സെക്യൂരിറ്റി ജീവനക്കാർക്ക് പ്രതിമാസം 25,000 രൂപ ശമ്പളം നൽകുന്നത്.
പൂർത്തികരിച്ചത്
സ്മൃതിമണ്ഡപം, ടൈൽ പാകി നവീകരിച്ച റോഡ്, ബോട്ട് ജെട്ടിയും വിശ്രമ കേന്ദ്രവും , കാവ്യരേഖ ചിത്രങ്ങൾ, കാവ്യോദ്യാനം, ലാൻഡ്സ്കേപ്പ്
പൂർത്തികരിക്കേണ്ടവ
ആശാന്റെ വെങ്കല പ്രതിമ, സ്മാരകത്തിലേക്കുള്ള റോഡ്, വൈദ്യുതീകരണം, റെഡിമെർ ബോട്ടിന്റെ അവശിഷ്ടം സൂക്ഷിക്കാനുള്ള മ്യൂസിയം
പദ്ധതി ചെലവ് 4.8 കോടി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുൻകൈയ്യെടുത്താണ് സംസ്ഥാന ടൂറിസം വകുപ്പ് 4.8കോടിരൂപ ചെലവഴിച്ച് ലിറ്റററി ടൂറിസം പദ്ധതിൽ ഉൾപ്പെടുത്തി ഷേക്‌സ്പിയറുടെ സ്മൃതിയുടെ മാതൃകയിൽ പല്ലനയിൽ സ്മാരകം പുനർ നിർമ്മിക്കാൻ പദ്ധതിതയ്യാറാക്കിയത്. ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൽ ലിമിറ്റഡിനായിരുന്നു നിർവഹണ ചുമതല. ഇവർ നിർമ്മാണത്തിൽ വീഴ്ചവരുത്തിയതിനാൽ ഡി.ടി.പി.സിയ്ക്ക് ചുമതല നൽകി. ജിറ്റ്പാക്ക് 3.12കോടിരൂപയുടെ പദ്ധതിയാണ് രൂപകൽപ്പന ചെയ്തത്. നിർമ്മാണം ആരും ഏറ്റെടുക്കാൻ തയ്യാറാകാതെ വന്നതോടെ ജിറ്റ്പാക്ക് ഏറ്റെടുത്തത്.
"ടൂറിസം വകുപ്പ് സ്മാരകം സാംസ്കാരിക വകുപ്പിന് കൈമാറണം. പരിപാലനത്തിന് ആവശ്യമായ ജീവനക്കാരെ നിയമിക്കണം.
രാജീവ് ആലുങ്കൽ, ചെയർമാൻ , കുമാരനാശാൻ സ്മാരക സമിതി
"3.12കോടി രൂപയുടെ നിർമ്മാണം പൂർത്തീകരിച്ചെങ്കിലും ജിറ്റ്പാക്കിന് 2.5കോടിരൂപയേ നൽകിയുള്ളു. ശേഷിച്ച തുക കൊടുക്കണം. പരിപാലനം എങ്ങനെ വേണമെന്ന് സാംസ്കാരിക-ടൂറിസം വകുപ്പുകൾ ധാരണയിലെത്താൻ വൈകാൻ കാരണം കൊവിഡാണ്.
മാലിൻ, സെക്രട്ടറി, ഡി.ടി.പി.സി ആലപ്പുഴ.