s

 ഇന്നലെ ഒരു കുട്ടിക്കും കൊവിഡ്


ആലപ്പുഴ: ജില്ലയിൽ ആറ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഇന്നലെ 44 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 779 ആയി. രണ്ട്ദിവസത്തെ അപേക്ഷിച്ച് രോഗബാധിതർ കുറവായത് ആശ്വാസകരമാണ്.

എന്നാൽ സമ്പർക്ക രോഗികളുടെ എണ്ണത്തിൽ കുറവ് വരാത്തത് ആശങ്ക പരത്തുന്നു.

അഞ്ചുപേർ വിദേശത്തുനിന്നും അഞ്ചുപേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 32 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. ഒരു ആരോഗ്യപ്രവർത്തകനും രോഗം ബാധിച്ചു. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 49 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 552 പേർ ജില്ലയിൽ രോഗമുക്തരായി. പരിശോധനാഫലം നെഗറ്റീവ് ആയവരിൽ ഏഴുപേർ നൂറനാട് ഐ.ടി.ബി.പി ഉദ്യോഗസ്ഥരാണ്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ആലപ്പുഴ സത്ത് സ്റ്റേഷനിലെ എ.എസ്.ഐയുമായി സമ്പർക്കത്തിലുണ്ടായ പൊലീസുകാരിൽ ഇന്നലെ ഒരു എസ്.ഐ, രണ്ട് എ.എസ്.ഐമാർ ഉൾപ്പെടെ ഏഴുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 97 ജീവനക്കാരുള്ള സ്റ്റേഷനിലെ മറ്റുള്ളവർ വീടുകളിൽ നിരീക്ഷണത്തിലായി. ഇപ്പോൾ രണ്ടുപേർവീതമാണ് രാത്രിയിലും പകലും ഡ്യൂട്ടി നോക്കുന്നത്. സ്റ്റേഷൻ പരിധിയിലുള്ള സംഭവങ്ങളുടെ അന്വേഷണത്തിന് തൊട്ടടുത്ത ആലപ്പുഴ നോർത്ത്, പുന്നപ്ര സ്റ്റേഷനുകളിൽ നിന്നായിരിക്കും എത്തുക.

വിദേശമദ്യം പിടിച്ച സംഭവത്തിൽ മദ്യകടത്തുകാർ രോഗബാധിതരായതോടെ പള്ളിത്തോട് സ്റ്റേഷനിലെ 16 പൊലീസുകാർും രണ്ട് തവണകളിലായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എട്ട് ഡോക്ടർമാർക്കും 32 ജീവനക്കാർക്കും മുഹമ്മ, പള്ളിത്തോട്, വെട്ടക്കൽ ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാർക്കും ചെട്ടികാട് സ്വകാര്യലാബിൽ നിന്ന് സമ്പർക്കത്തിലൂടെ 16 പേർക്കും രോഗം സ്ഥിരീകരിച്ചത് ആശങ്കയിലാഴ്ത്തുന്നു. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷൻ അടച്ചിടലിന്റെ വക്കിലാണ്.

#രോഗം സ്ഥിരീകരിച്ചവർ

കുവൈറ്റിൽ നിന്നെത്തിയ ചേർത്തല സ്വദേശി, സൗദിയിൽ നിന്നെത്തിയ കൃഷ്ണപുരം സ്വദേശി, ദുബായിൽ നിന്നെത്തിയ തൃക്കുന്നപ്പുഴ സ്വദേശി, അബുദാബിയിൽ നിന്നെത്തിയ തകഴി സ്വദേശി, സൗദിയിൽ നിന്നെത്തിയ തുറവൂർ സ്വദേശി, ചെന്നൈയിൽ നിന്നെത്തിയ തുറവൂർ സ്വദേശി, ഹൈദരാബാദിൽ നിന്നെത്തിയ നീലംപേരൂർ സ്വദേശിനി, ഡൽഹിയിൽ നിത്തിയ തുറവൂർ സ്വദേശിനി, വെസ്റ്റ് ബംഗാളിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശി, ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടികയിലുള്ള തുറവൂർ സ്വദേശി, രോഗം സ്ഥിരീകരിച്ച ചെട്ടികാട് ലാബ് ജീവനക്കാരിയുടെ സമ്പർക്ക പട്ടികയിലുള്ള കലവൂർ സ്വദേശിയായ ആൺകുട്ടി, ചെട്ടിക്കാട്ക്ലസ്റ്ററിൽ രോഗം സ്ഥിരീകരിച്ച ചെട്ടികാട് സ്വദേശികൾ, പെരുമ്പളം സ്വദേശിനി, എറണാകുളത്തെ ആരോഗ്യ പ്രവർത്തകയുടെ സമ്പർക്ക പട്ടികയിലുള്ള ചേർത്തല സ്വദേശിനി, മാരാരിക്കുളം തെക്ക് സ്വദേശി, കരിയിലക്കുളങ്ങര സ്വദേശിനി, കായംകുളം സ്വദേശി,ചന്തിരൂർ സ്വദേശി,കായംകുളം സ്വദേശിനി, കുത്തിയതോട് സ്വദേശി, ആര്യാട് സ്വദേശി, കുത്തിയതോട് സ്വദേശി, പൊലീസ് ഉദ്യോഗസ്ഥന്റെ സമ്പർക്ക പട്ടികയിലുള്ള നാല് ആലപ്പുഴ സ്വദേശികൾ, ആലപ്പുഴ ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകൻ, അർത്തുങ്കൽ സ്വദേശി എന്നിവരാണ് ലിസ്റ്റിലുള്ളത്.

ജില്ലയിലെ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത് 6543 പേരാണ്.