ആലപ്പുഴ: പൊലീസുകാരുൾപ്പടെ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ വർദ്ധന ആലപ്പുഴ നഗരത്തിൽ ആശങ്ക പടർത്തുന്നു.

ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലാണ് സമ്പർക്ക രോഗികളുടെ എണ്ണം വർദ്ധിക്കുന്നത്. ഇന്നലെ പുറത്തുവന്ന ഫലം ഉൾപ്പെടെ സ്റ്റേഷനിലെ ഏഴ് പൊലീസുകാർക്ക് കൊവിഡ് പോസിറ്റീവാണ്. ഇവരിൽ പലരും അടുത്ത ദിവസങ്ങളിൽ ഡ്യൂട്ടിയിലുണ്ടായിരുന്നതായും സൂചനയുണ്ട്. വഴിച്ചേരി മാർക്കറ്റിൽ സ്ത്രീകൾ കഴിഞ്ഞദിവസം നടത്തിയ ഉപരോധസമരത്തിൽ, രോഗബാധിതരായ പൊലീസുകാർ ഡ്യൂട്ടിക്ക് എത്തിയിരുന്നുവെന്ന പ്രാചാരണവും ആശങ്ക വർദ്ധിപ്പിക്കുകയാണ്.

ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിലാണ് നാല് പേർക്കുകൂടി രോഗം സ്ഥിരീകരിച്ചത്. ഇവരെല്ലാവരും നഗരത്തിന് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ളവരാണ്. സ്റ്റേഷനിലെ ഭൂരിഭാഗം ജീവനക്കാരും ക്വാറന്റെനിലാണ്. എട്ട് പേർ വീതമുള്ള ടേൺ ആയാണ് സ്റ്റേഷൻ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഇത് ക്രമസമാധാന പരിപാലനമടക്കമുള്ള സേവനങ്ങളെ പ്രതികൂലമായി ബാധിക്കുമോ എന്നതും വിഷയമായിട്ടുണ്ട്.

തീരപ്രദേശത്ത് ക്ലസ്റ്റർ ഇപ്പോഴും സജീവമാണ്. കണ്ടെയ്ൻമെന്റ് സോണായിരുന്ന നഗരസഭയിലെ തുമ്പോളി വാർഡിനെ പട്ടികയിൽ നിന്നൊഴിവാക്കി. രോഗവ്യാപന സാദ്ധ്യത നിയന്ത്രണവിധേയമായെന്ന മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. അതിനിടെ കളപ്പുരയിൽ കണ്ടെയ്ൻമെന്റ് സോൺ നിശ്ചയിച്ചതിൽ അപാകതയുണ്ടെന്ന് ആരോപണമുണ്ട്. രോഗബാധിതരുടെ വീടിന് സമീപമുള്ള പ്രദേശം മറ്റൊരു വാർഡായതിനാൽ അവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തതിലും പ്രതിഷേധമുണ്ട്.