എഴുപുന്ന: ഏജൻ്റുമാർ പത്രവിതരണം നടത്തുന്നത് വിദ്യാർത്ഥികളെ ഉപയോഗിച്ചാണെന്നും ഇത് ബാലവേലയാണെന്നും കാട്ടി സി.പി.എം അരൂർ ഏരിയ കമ്മിറ്റി അംഗം പൊലീസിൽ പരാതി നൽകിയതിനെതിരെ പ്രതിഷേധം. പാർട്ടി പത്രത്തിന്റെ അടക്കം ഏജൻസിയുള്ള എഴുപുന്ന ഏജൻ്റിനെതിരെ ഉന്നയിച്ച പരാതിയാണ് ചർച്ചയാവുന്നത്.

പരാതിക്കാരനായ സി.പി.എം ഏരിയ കമ്മിറ്റിയംഗം എഴുപുന്നയിൽ നടന്ന നിലം നികത്തലിൽ കൊടികുത്തിയതും പിന്നീട് ഊരി മാറ്റിയതും വിമർശിച്ചതിലുള്ള വ്യക്തിവിരോധമാണ് പരാതിയുടെ പിന്നിലെന്നു പറയുന്നു. പാർട്ടി പത്രങ്ങൾ കേരളത്തിൽ വിതരണം നടത്തുന്നതിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണെന്നും അതിനെ ബാല വേലയായി ചിത്രീകരിക്കുന്നതിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം മാത്രമാണെന്നും ഏജന്റുമാർ ആരോപിക്കുന്നു. സംഭവത്തിൽ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡൻറ് സി.എ.പുരുഷോത്തമൻ പ്രതിഷേധിച്ചു.