ചേർത്തല: വസ്തുതർക്കത്തിൽ സുപ്രീംകോടതി അഭിഭാഷകൻ നൽകിയ ക്വട്ടേഷൻ പ്രകാരം അക്രമം നടത്തിയ കേസിൽ ഒന്നാം പ്രതിയായ അഭിഭാഷകന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകുന്നത് ഉന്നത പൊലീസ് ഇടപെടലെന്ന് ആക്ഷേപം.

കഴിഞ്ഞ 30നാണ് വസ്തു തർക്കത്തെ തുടർന്ന് ഇയാളുടെ ബന്ധുവായ മുനിസിപ്പൽ 21-ാം വാർഡ് അരീപ്പറമ്പ് കുന്നേൽവെളി സുരേഷിനെ (48) കൊലക്കേസ് പ്രതിയടക്കമുള്ള സംഘം ആക്രമിച്ചത്.സുരേഷിന്റെ മൊഴിപ്രകാരം ചേർത്തല തെക്ക് പഞ്ചായത്ത് 10-ാം വാർഡിൽ ബാൽഗാർഡനിൽ ബാലകൃഷ്ണപിള്ളയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ കൊലക്കേസ് പ്രതിയുൾപ്പെടെ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ലോക്ക്ഡൗണിന്റെ മറവിൽ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്.നിലവിൽ കേസ് അന്വേഷിച്ചുകൊണ്ടിരുന്ന ചേർത്തല സി.ഐ. പി.ശ്രീകുമാറിനെ മാറ്റി ഡി.സി.ആർ.ബി ഡിവൈ.എസ്.പി.വിദ്യാധരന് ചുമതല നൽകിയതിലൂടെ കേസ് അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് ആരോപണം.അഭിഭാഷകൻ നൽകിയ മുൻകൂർ ജാമ്യഹർജി 16ന് ആലപ്പുഴ സെഷൻസ് കോടതി തള്ളിയിരുന്നു.അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ നടപടിക്കെതിരെ സുരേഷ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. 28ന് കേസ് കോടതി പരിഗണിക്കും. ആക്രമണത്തിൽ പരിക്കേറ്റ സുരേഷും ബാലകൃഷ്ണപിള്ളയും ബന്ധുക്കളാണ്.ഇവർ തമ്മിൽ വീട്ടിലേക്കുള്ള വഴിയുടെ പേരിൽ സിവിൽ കേസ് നിലവിലുണ്ട്.