കൊല്ലം: കൊലപാതക കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചിട്ടും തെറ്റ് പൊറുക്കാതെ നാട്ടുകാർ ഒറ്റപ്പെടുത്തിയതിൽ മനംനൊന്ത് കാൽ നൂറ്റാണ്ട് മുൻപ് കാടുകയറിയ പിറവന്തൂർ ചാങ്ങപ്പാറ കൈലാസത്തിൽ സൗമ്യൻ ഇന്ന് പതിനഞ്ചേക്കറിൽ നിറഞ്ഞ കാർഷിക വിളകൾക്കുടമ.
33-ാം വയസിൽ സൗമ്യനെ ജ്യേഷ്ഠനാണ് കൃഷിയിലേക്ക് വഴിതിരിച്ചത്. തെൻമല മണ്ണാത്തിക്കയം ചാങ്ങപ്പാറ കമ്പിലെയ്നിൽ പട്ടയം കിട്ടിയ രണ്ടേക്കറിൽ രണ്ടായിരത്തോളം വാഴ നട്ടായിരുന്നു തുടക്കം. വനത്തിന്റെ അടിവാരമാണ്. കാട്ടാനകൾ ഭീഷണിയായെങ്കിലും പിൻമാറിയില്ല. ഏറുമാടങ്ങളിൽ കാവലിരുന്നും പാട്ടകൊട്ടിയും പടക്കംപൊട്ടിച്ചും വന്യമൃഗങ്ങളെ തുരത്തി. മരച്ചീനിയും, ചേമ്പും കാച്ചിലുമൊക്കെയായി കൃഷി വിപുലപ്പെട്ടു.
ഇതിനിടെയാണ് ജീവിതത്തിൽ വഴിത്തിരിവായ സംഭവം. ജ്യേഷ്ഠന്റെ സുഹൃത്തും നാട്ടുകാരനുമായ ശിവദാസൻ ഒരു നാൾ സൗമ്യന്റെ കൃഷി കാണാനെത്തി. സൗമ്യന്റെ അദ്ധ്വാനശീലം നന്നേ ബോധിച്ച ശിവദാസൻ അടുത്തെത്തി ചോദിച്ചു, എന്റെ മകളെ വിവാഹം കഴിക്കാൻ തയ്യാറാണോ. ബിരുദധാരിയായ സിന്ധു അങ്ങനെ സൗമ്യന്റെ നല്ലപാതിയായി. വനയോരത്തെ കുടിലിൽ ജീവിതമാരംഭിച്ച ദമ്പതികൾ കൃഷിയിടത്തിൽ കൈയും മെയ്യും മറന്ന് പണിയെടുത്തു.
മൂഴിയാർ - ഇടമൺ 220 കെ.വി ലൈനിന് താഴെ തരിശു ഭൂമിയിൽ അധികൃതരുടെ സമ്മതത്തോടെ കൃഷിയിറക്കി. ഇന്ന് പതിനഞ്ചോളം ഏക്കറിലായി കപ്പ,കാപ്പി, ഏലം,തേയില, ഗ്രാമ്പൂ,കുരുമുളക്,ചേമ്പ്, കാച്ചിൽ, കൈതച്ചക്ക തുടങ്ങിയ വിളകളുണ്ട്. സ്വന്തം മണ്ണിൽ റബർ, കശുമാവ്, കവുങ്ങ്, തെങ്ങ്,പുളി തുടങ്ങിയവയുമുണ്ട്.
അഞ്ചൽ, പുനലൂർ മാർക്കറ്റുകളിലേക്കുള്ള വിളവുകൾ പായ്ക്ക് ചെയ്യലും മറ്റും രാത്രിയിലാണ്. വന്യമൃഗങ്ങളെ തുരത്താൻ നായ്ക്കളാണ് തുണ. ചാണകവും കമ്പോസ്റ്റും പ്രധാന വളമാക്കുന്ന സൗമ്യന് അഞ്ച് നാടൻ പശുക്കളുമുണ്ട്. ഏക മകൾ അഞ്ജന മുഴുവൻ എ പ്ളസോടെ പ്ളസ്ടു വിജയം നേടിയതിന്റെ ആഹ്ളാദമാണ് ഇപ്പോൾ വീട്ടിൽ.
''
മേയാൻവിട്ട പശുക്കളെ നോക്കാൻ കാട്ടിൽ പോകുന്നതിനിടെ മകളെ അണലി കടിച്ചതൊഴിച്ചാൽ കാൽനൂറ്റാണ്ടിനിടെ വനത്തിൽ ദുരനുഭവങ്ങളൊന്നുമില്ല.
സൗമ്യൻ