ചേർത്തല:താലൂക്കിൽ സമ്പർക്ക രോഗികളുടെ എണ്ണം 7ൽ ഒതുങ്ങിയതിന്റെ ആശ്വാസത്തിനൊപ്പം ചേർത്തലതെക്ക് 14-ാം വാർഡ് അർത്തുങ്കലിലും മുഹമ്മയിലും രോഗം സ്ഥിരീകരിച്ചവരുടെ ഉറവിടം കണ്ടെത്തനാകാത്തത് ആശങ്ക പരത്തുന്നു.

ഇവരുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരെ കണ്ടെത്താനുള്ള ശ്രമമാണ് ആരോഗ്യവകുപ്പ് നടത്തുന്നത്.
മദ്യം കടത്തിയതിന് പിടികൂടിയവർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ക്വാറന്റൈനിലായ പട്ടണക്കാട് സ്​റ്റേഷനിലെ 13 പൊലീസുകാരുടെ ആന്റിജൻ പരിശോധനാഫലം നെഗ​റ്റീവായി.ഇനി സി.ഐയും എസ്.ഐയും ഉൾപ്പെടെയുള്ള സ്‌ക്വാഡിലെ മൂന്നു പേരുടെ പരിശോധന നടക്കാനുണ്ട്. സ്‌ക്വാഡിലുള്ള 19 പേർ ക്വാറന്റൈനിലാണ്.രോഗം സ്ഥിരീകരിച്ച ദമ്പതിമാർ ചികിത്സ തേടിയെത്തിയതിനെ തുടർന്ന് അടച്ച പള്ളിപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ പുനരാരംഭിച്ചു.ഇവിടെ രോഗിയുടെ സമ്പർക്ക പട്ടികയിലുൾപ്പെട്ട 50 പേരുടെ ആന്റിജൻ പരിശോധനാ ഫലം നെഗ​റ്റീവായി. 14-ാം വാർഡിൽ രോഗിയുടെ സമ്പർക്കത്തിലുണ്ടായിരുന്ന അയൽവാസിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.14,15 വാർഡുകൾ അടച്ചിരിക്കുകയാണ്.പനിക്ക് ചികിത്സ തേടി മുഹമ്മ കമ്മ്യുണിറ്റി ഹെൽത്ത് സെന്ററിലെത്തിയ മുഹമ്മ ഗ്രാമപഞ്ചായത്ത് 15-ാം വാർഡ് കാട്ടുകയിലെ 45 കാരന് രോഗം സ്ഥിരീകരിച്ചു.ഇയാൾക്ക് രോഗം പടർന്നത് എവിടെ നിന്നാണെന്ന് കണ്ടെത്താനാകാത്തത് ആരോഗ്യ പ്രവർത്തകരെ കുഴച്ചിരിക്കുകയാണ്.

രണ്ട് ദിവസത്തേക്ക് ആശുപത്രിയുടെ ഒ.പി പ്രവർത്തനം നിറുത്തിവച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ അറിയിച്ചു.ഇയാൾ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഉൾപ്പെടെയുള്ള 10 പേർ നിരീക്ഷണത്തിലാണ്.