ആലപ്പുഴ: ചേർത്തല ചേന്നം പള്ളിപ്പുറത്ത് ക്വാറന്റൈനിലുള്ള 14 കുടുംബങ്ങളിലേക്ക് വീട്ടു സാധനങ്ങളും, മരുന്നുകളും പറന്നെത്തും. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചേർത്തല മേഖല സെക്രട്ടറിയും, 24 ഫ്രെയിംസ് സ്റ്റുഡിയോയുടെ ഉടമയുമായ പി.ബിനുവാണ് തന്റെ ഡ്രോൺ ഉപയോഗിച്ച്, നിരീക്ഷണത്തിലിരിക്കുന്നവർക്ക് സാധനങ്ങൾ എത്തിച്ചുനൽകുന്നത്. പ്രളയകാലത്ത് പരീക്ഷിച്ച് വിജയിച്ച ആശയം കൊവിഡ് കാലത്തും ഉപയോഗിക്കുകയാണെന്ന് ബിനു പറയുന്നു. ചേർത്തല താലൂക്ക് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് സമ്പർക്കപട്ടികയിലുള്ള 14 കുടുംബങ്ങളും ക്വാറന്റൈനിലായത്. ഇവരെ സമ്പർക്കമില്ലാതെ എങ്ങനെ സഹായിക്കാമെന്ന ബിനുവിന്റെ സുഹൃത്തുക്കളുടെയും വാട്സപ്പ് ചർച്ചയാണ് ഡ്രോണിലെത്തിച്ചേർന്നത്. ലോക്ക് ഡൗൺ സീസണിൽ പൊലീസിന് വേണ്ടി നിരീക്ഷണപറക്കൽ നടത്തിയിരുന്ന ഡ്രോണിനും ഇപ്പോൾ വിശ്രമമില്ലാത്ത ദിനങ്ങളാണ്. എല്ലാ ദിവസവും വൈകുന്നേരം വീട്ടുകാർ ആവശ്യമുള്ള വീട്ടുസാധനങ്ങളുടെയും മരുന്നിന്റെയും ലിസ്റ്റ് വാട്സാപ്പിലിടും. ബിനു അത് കടകളിലേക്ക് അയക്കും. രാവിലെ കടകളിൽ നിന്ന് ശേഖരിക്കുന്ന സാധനങ്ങൾ ഡ്രോണിൽ പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ലോക്കിൽ ഘടിപ്പിക്കും. സാധനം ബുക്ക് ചെയ്ത വീട്ടുകാരോട് പുറത്തിറങ്ങി നിൽക്കാൻ ആലശ്യപ്പെടും. നിമിഷ നേരം കൊണ്ട് ബിനുവിന്റെ കരിയിൽ വീട്ടിൽ നിന്ന് പറന്നുപൊങ്ങി ഡ്രോൺ ആവശ്യക്കാരുടെ വീട്ടുപടിക്കലെത്തും. കൈകളുയർത്തി കവറിൽ പിടിക്കുന്നതോടെ ലോക്ക് അഴിയും. . പറക്കൽ ഘട്ടം മുഴുവൻ ലൈവായി തന്നെ കാണാം. സാധനങ്ങൾ കൊടുക്കുന്നതിന് മുമ്പും ശേഷവും ഡ്രോൺ സാനിട്ടൈസ് ചെയ്യും. ഗൂഗിൾ പേ വഴിയും, ക് ബന്ധുക്കൾ വഴിയുമാണ് വീട്ടുകാർ ബിനുവിന് പണമെത്തിക്കുന്നത്. പണം അൽപ്പം വൈകിയാലും സാരമില്ല, കാര്യങ്ങൾ നടക്കട്ടെയെന്നാണ് ബിനുവിന്റെ നിലപാട്. അമ്മ തങ്കമ്മയും സഹായത്തിന് ഒപ്പമുണ്ട്.
സാധനങ്ങൾ എത്തിക്കാനുള്ള കവറുകളും പാത്രങ്ങളും ലഭിക്കാനില്ലാത്തതാണ് നിലവിൽ പ്രതിസന്ധിയെന്ന് ബിനു പറയുന്നു.