s

ആലപ്പുഴ: കൊവിഡും ലോക്ക് ഡൗണും ജില്ലയിലെ വലിയഴീക്കൽ, തോട്ടപ്പള്ളി, അർത്തുങ്കൽ മത്സ്യബന്ധന തുറമുഖങ്ങളുടെ വികസനത്തിന് വിലങ്ങുതടിയാകുന്നു. പുലിമുട്ടുകളുടെ നിർമ്മാണത്തിന് കരിങ്കല്ലിന്റെ ലഭ്യതക്കുറവുണ്ട്. മൂന്ന് തുറമുഖങ്ങളുടെയും പുലിമുട്ടുകളുടെ നിർമ്മാണത്തിനാണ് കരാർ നൽകിയിട്ടള്ളത്. വലിയഴീക്കൽ 8.44കോടിയുടെയും തോട്ടപ്പള്ളിയിൽ 13കോടിയുടെയും അർത്തുങ്കലിൽ 26.22കോടി രൂപയുടെയും പദ്ധതികളാണ് നടപ്പാക്കുന്നത്. വേലിയേറ്റത്തിൽ തുറമുഖത്തിന്റെ മുൻ ഭാഗത്തെ ചാലിൽ മണൽ അടിഞ്ഞുകൂടുന്നത് മൂലം വലിയവള്ളങ്ങൾക്കും ബോട്ടുകൾക്കും പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. തോട്ടപ്പള്ളി തീരദേശ പൊലീസിന് രക്ഷാ പ്രവർത്തനം നടത്താൻ അനുവദിച്ച ഇന്റർസെപ്ടർ ബോട്ടുകൾ നങ്കൂരമിടുന്നത് കായംകുളം കായലിലാണ്. മണൽ അടിഞ്ഞ് കയറിയതിനാലാണ് 38കിലോമീറ്റർ അകലെ നങ്കൂരമിടേണ്ടി വരുന്നത്.

 അർത്തുങ്കൽ മത്സ്യബന്ധന തുറമുഖം

26.22 കോടി രൂപയുടെ രണ്ടാം ഘട്ടം നിർമ്മാണം ആറ്മാസം മുമ്പ് ആരംഭിച്ചെങ്കിലും വലിയ പാറ കിട്ടാത്തത് നിർമ്മാണത്തിന് തടസമായി. ചേർത്തല താലൂക്കിൽ ട്രിപ്പിൾലോക്ക്ഡൗണിന് മുമ്പ് കുറച്ച് കല്ലെത്തിയിരുന്നു. തെക്കേപുലിമുട്ടിന്റെ ശേഷിക്കുന്ന പണികൾ പൂർത്തീകരിക്കുകയാണ് രണ്ടാംഘട്ടത്തിലുള്ളത്. മൂന്നാംഘട്ടത്തിൽ നിലവിലുള്ള പുലിമുട്ടിന്റെ പദ്ധതിയുടെ ബാക്കി ഭുഗവും തെക്കേപുലിമുട്ട് ചെയിനേജ് 595 മീറ്റർ മുതൽ 1250 മീറ്റർ വരെയും വടക്കേപുലിമുട്ട് ചെയിനേജ് 260 മീറ്റർ മുതൽ 450 മീറ്റർ വരെയും പൂർത്തീകരിക്കേണ്ടതുണ്ട്.അനുബന്ധ ഘടകങ്ങളായ വാർഫ്, ലേലഹാൾ, വാട്ടർടാങ്ക്,ടോയ്‌ലെറ്റ് ബ്‌ളോക്ക്, അപ്രോച്ച് റോഡ്, കവേർഡ് ലോഡിംഗ് ഏരിയ എന്നിവ പൂർത്തിയാക്കാൻ 121 കോടിയുടെ എസ്റ്റിമേറ്റ് കേന്ദ്രസർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചു.


 തോട്ടപ്പള്ളി മത്സ്യബന്ധന തുറമുഖം

തുറമുഖത്തിന്റെ നവീകരണത്തിന് ഹാർബർ എൻജിനീയറിംഗ് വിഭാഗം നിരവധി തവണ പദ്ധതി തയ്യാറാക്കിയിരുന്നു. സഹായം ഉറപ്പാക്കാൻ പദ്ധതി കേന്ദ്രസർക്കാരിന് സമർപ്പിച്ചെങ്കിലും പരിഗണന ലഭിക്കാത്തതിനാൽ നിർമ്മാണ പ്രവർത്തനം നടത്താൻ കഴിയാത്ത അവസ്ഥയിലാണ്. ഇപ്പോൾ സംസ്ഥാന സർക്കാർ നൽകിയ 13കോടിരൂപയുടെ വിനിയോഗിച്ചുള്ള പുലിമുട്ടികളുടെ നിർമ്മാണത്തിന് കരാർ നൽകി. തെക്കുഭാഗത്തെ പുലിമുട്ട് 250മീറ്റർ നീളത്തിൽ നിർമ്മാണം തകർന്ന് കിടക്കുന്ന ഭാഗത്തെ അറ്റകുറ്റപ്പണിയുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പുലിമുട്ടുകളുടെ ദൈർഘ്യം വർദ്ധിപ്പിക്കണം
തോട്ടപ്പള്ളി തുറമുഖത്തിന്റെ തെക്കുഭാഗത്തുള്ള പുലിമുട്ടിൽ നിന്ന് ഒന്നര കിലോമീറ്റർ കൂടി പടിഞ്ഞാറുഭാഗത്തേക്ക് നീട്ടണമെന്നും വടക്കുഭാഗത്തുള്ള പുലിമുട്ടിന് സമാന്തരമായി മാത്തേരിഭാഗത്ത് നിന്ന് പടിഞ്ഞാറോട്ട് പുലിമുട്ട് നിർമ്മിച്ചാൽ വേലിയേറ്റത്തിൽ പതിവായി മണൽ അടിഞ്ഞുകൂടുന്നത് തടയാനാകുമെന്നും സർക്കാർ നിയോഗിച്ച പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ വാട്ടർ ആന്റ് പവർ റിസർച്ചിംഗ് ഏജൻസി സമർപ്പിച്ച പഠന റിപ്പോർട്ടിൽ വ്യക്തമാക്കി. വള്ളങ്ങൾക്കും യന്ത്രവൽകൃത ബോട്ടുകൾക്കും സുരക്ഷിതമായി നങ്കൂരമിടുന്നതിനുള്ള സംവിധാനം ഒരുക്കുക, തിരക്ക് ഒഴിവാക്കുന്നതിന് പുതിയ പാർക്കിംഗ് സംവിധാനം നടപ്പാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് പഠന റിപ്പോർട്ടിലുള്ളത്. വേലിയേറ്റത്തിൽ മണൽ തുറമുഖത്തിന്റെ മുൻ ഭാഗത്ത് അടിഞ്ഞുകൂടുന്നത് മൂലം വള്ളങ്ങൾക്കും ബോട്ടുകൾക്കും അകത്ത് പ്രവേശിക്കാൻ കഴിയാത്ത അവസ്ഥയാണ്.

 കായംകുളം തുറമുഖം

844ലക്ഷംരൂപയുടെ പുലിമുട്ട് നിർമ്മാണമാണ് കായംകുത്ത് നടക്കുന്നത്. തെക്കേക്കരയിലെ പുലിമുട്ടിന്റെ നീളം വർദ്ധിപ്പിക്കുന്നതോടൊപ്പം തകർന്നഭാഗങ്ങളും റോഡുകളുടെ അറ്റകുറ്റ ജോലികളുമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നിർമ്മാണ ജോലികളുടെ കരാർ നൽകി കഴിഞ്ഞു.

"മൂന്ന് തുറമുഖങ്ങളുടെ നവീകരണ പദ്ധതികൾക്ക് കരാർ നൽകി . കല്ലിന്റെ ക്ഷാമമാണ് ജോലികൾ ആരംഭിക്കാൻ വൈകുന്നതിന് കാരണം. കൊവിഡ് വ്യാപനവും ലോക്ക്ഡൗണും തടസമായി നിൽക്കുന്നു. അടുത്തമാസം നിർമ്മാണ ജോലികൾ ആരംഭിക്കും.

എക്സിക്യൂട്ടീവ് എൻജിനിയർ, ഹർബർ വിഭാഗം

അനുവദിച്ച തുക

വലിയഴീക്കൽ 8.44കോടി, തോട്ടപ്പള്ളി 13കോടി, അർത്തുങ്കൽ 26.22കോടി