ആലപ്പുഴ: കൊവിഡ് ഭീതിയിൽ കക്ക ഇറച്ചിക്ക് ഡിമാൻഡ് കുറഞ്ഞത് കുമ്മായ വ്യവസായത്തിന് തിരിച്ചടിയാകുന്നു. കക്ക ഇറച്ചിക്ക് വിപണി ലഭിച്ചാൽ മാത്രമേ, വ്യവസായശാലകളിലേക്ക് ആവശ്യത്തിനുള്ള കക്ക ലഭ്യമാകൂ. ആലപ്പുഴ ജില്ലയിൽ മുഹമ്മ, മണ്ണഞ്ചേരി ഭാഗങ്ങൾ കേന്ദ്രീകരിച്ചാണ് കുമ്മായ ഉത്പാദനം പ്രധാനമായും നടക്കുന്നത്. വേമ്പനാട്ട് കായലിൽ നിന്ന് വാരുന്ന കക്ക, സൊസൈറ്റികൾ വഴിയാണ് ചൂളകൾക്ക് ലഭ്യമാവുന്നത്. ഫാക്ടറികളിൽ എത്തിച്ച് നീറ്റി, പാക്ക് ചെയ്ത് വിപണിയിലെത്തിക്കും. കക്ക സൊസൈറ്റികൾ ധാരാളമുള്ള ചേർത്തല മേഖല ആഴ്ചകളായി ട്രിപ്പിൾ ലോക്ക് ഡൗണിലായതോടെ കക്ക ലഭിക്കാനില്ലാത്ത അവസ്ഥയാണ്. കണ്ടായിൻമെന്റ് സോണിൽ വിൽപ്പന നടക്കുന്നില്ല. മറ്റ് പ്രദേശങ്ങളിൽ ആളുകൾ ഭയം മൂലം കക്ക ഇറച്ചി വാങ്ങാൻ മടിക്കുന്നു. ലോക്ക് ഡൗണിൽ സീഫുഡ് ഫാക്ടറികൾ അടഞ്ഞതോടെ ആ വഴിക്കും കക്ക ഇറച്ചിക്ക് ആവശ്യക്കാരില്ലാതായി. ഇതോടെയാണ് കക്കയ്ക്ക് ക്ഷാമം രൂക്ഷമായത്. കാർഷിക മേഖലയിലാണ് കുമ്മായത്തിന് ഡിമാൻഡുള്ളത്. വളമായും, കീടനാശിനിയായും, ഫംഗസ് നാശിനിയായിയും ഉപയോഗിക്കാം. കൃഷി ഓഫീസുകൾ വഴിയും, ഏജൻസികൾ വഴിയും കുമ്മായത്തിന് വിപണി ലഭിക്കാറുണ്ട്. സർക്കാർ സബ്സിഡി നിരക്കിൽ എത്തിക്കുന്നതിനാൽ കർഷകർക്ക് അധികവില നൽകാതെ കുമ്മായം വാങ്ങാൻ സാധിക്കും.

....................

പ്രതിസന്ധി

1.കക്ക ഇറച്ചിക്ക് ആവശ്യക്കാരില്ലാത്തതിനാൽ കക്ക ലഭ്യമല്ല

2.ഭക്ഷ്യസംസ്കരണ ഫാക്ടറികൾ അടച്ചു

3.മാർക്കറ്റുകൾ അടച്ചു

................

വിലനിലവാരം

കക്ക - ഒരു പാട്ട ( 20 കിലോ ) - 100 രൂപ

കുമ്മായം - 10 കിലോ - 150 രൂപ

..................

ഉപയോഗം

കൃഷി ആവശ്യം

ജലശുദ്ധീകരണം

............

കുമ്മായത്തിലും വ്യാജൻ

കക്ക നീറ്റിയെടുക്കുന്ന കുമ്മായം കാത്സ്യം ഓക്സൈഡാണ്. ഇത് മണ്ണിലെ അമ്ലാംശത്തെ ബാലൻസ് ചെയ്യാൻ സഹായിക്കുന്നു. എന്നാൽ ചിലർ പൊടിച്ച് വരുന്ന കുമ്മായത്തിൽ പച്ച ചുണ്ണാമ്പ് ചേർത്ത് വിപണിയിലെത്തിക്കാറുണ്ട്. ഇത് യഥാർത്ഥ ഗുണം നൽകില്ല.

..........................

'' കൃഷിയെ താങ്ങിനിർത്താൻ ഏറ്റവും ആവശ്യമുള്ള ഒന്നാണ് കുമ്മായം. എന്നാൽ ഈ വ്യവസായത്തെ ആശ്രയിക്കുന്നവർക്ക് സർക്കാരിൽ നിന്ന് യാതൊരു സഹായവും ലഭിക്കാറില്ല. പ്രതിസന്ധി ഘട്ടത്തിൽ ഞങ്ങൾക്ക് താങ്ങേകാൻ സ്കീമുകൾ ആവിഷ്ക്കരിക്കാൻ സർക്കാർ തയാറാവണം

...എ.വി.തോമസ്, വ്യവസായി