ആലപ്പുഴ: പറവൂർ പബ്ലിക് ലൈബ്രറിയിൽ വർഷങ്ങളായി നടന്നുവന്നിരുന്ന അക്ഷര സദസ്സ് പുസ്തക ചർച്ച കൊവിഡ് പശ്ചാത്തലത്തിൽ നടത്താൻ സാധിക്കാത്തതിനാൽ, ഓൺലൈനിൽ കഥ വായന സംഘടിപ്പിക്കും. 'കഥയുത്സവം2020' എന്ന് പേരിട്ടിരിക്കുന്ന പരിപാടിയിൽ മലയാളത്തിലെ മൺമറഞ്ഞ 9 കഥാകാരന്മാരുടെ പ്രശസ്തമായ ഓരോ കഥകൾ അവതരിപ്പിക്കും. ഞായറാഴ്ചകളിൽ വൈകിട്ട് അഞ്ചിന് പറവൂർ പബ്ലിക് ലൈബ്രറി ഫേസ്ബുക്ക് പേജിൽ കഥ കേൾക്കാം. ഇന്ന് വൈകിട്ട് അഞ്ചിന് കാവാലം ബാലചന്ദ്രൻ, കാരൂരിന്റെ 'മരപ്പാവകൾ ' എന്ന കഥ വായിച്ചു കൊണ്ട് കഥയുത്സവം ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ഞായറാഴ്ചകളിൽ ബഷീർ, തകഴി,പൊൻകുന്നം വർക്കി, ലളിതാംബിക അന്തർജനം, മാധവിക്കുട്ടി, സി.വി.ശ്രീരാമൻ, എം പി നാരായണപിള്ള, എന്നിവരുടെ കഥകൾ വായിക്കും.