ആലപ്പുഴ :തിരുവമ്പാടി ഗവ. എൽ പി.സ്കൂളിന്റെ പഴയ കെട്ടിടം നഗരസഭയുടെ അനുമതിയില്ലാതെ പൊളിച്ചതിന്റെ ഉത്തരവാദിത്വം ഭരണകക്ഷിക്കാരനായ വാർഡ് കൗൺസിലറുടെ ചുമലിൽ കെട്ടിവയ്ക്കാൻ നീക്കം.തുടക്കത്തിൽ ഇതിന് ഒത്താശ ചെയ്ത പ്രതിപക്ഷ കൗൺസിലറെ ഇപ്പോൾ രക്ഷപ്പെടുത്താനുള്ള ശ്രമത്തെച്ചൊല്ലി പ്രദേശത്ത് സി.പി.എമ്മിൽ ചേരിപ്പോരുമായി.
നഗരസഭയുടെ അനുമതി ഇല്ലാതെ കെട്ടിടം പൊളിച്ചതിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ എൻജിനിയർ നൽകിയ പരാതി പുതിയ സെക്രട്ടറി പിൻലിച്ചത് പ്രതിപക്ഷ കൗൺസിലറെ രക്ഷിക്കാനുള്ള ശ്രമമാണെന്നും ആക്ഷേപമുണ്ട്.
ടെണ്ടർ ചെയ്ത് പഴയ കെട്ടിടം പൊളിക്കാനായിരുന്നു തീരുമാനമെങ്കിലും
നഗരസഭയിലെ ഭരണ - പ്രതിപക്ഷത്തെ രണ്ട് കൗൺസിലർമാരാണ് അനുമതിയില്ലാതെ കെട്ടിടം പൊളിക്കാൻ ഇടപെട്ടത്. സംഭവം വിവാദമായപ്പോൾ ഭരണ-പ്രതിപക്ഷങ്ങൾ കൈകോർത്തു. ഇടത് പക്ഷത്തെ മൂന്ന് അംഗങ്ങൾക്ക് മണലും തടിയും ഉപകരണങ്ങളും നൽകണമെന്നായിരുന്നു വ്യവസ്ഥ. ഇതിനിടെയായിരുന്നു എൻജിനിയറുടെ പരാതി.
സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആവശ്യം അനുസരിച്ച് നഗരസഭാ എൻജിനിയർ തയ്യാറാക്കിയ റിപ്പോർട്ടിൽ രണ്ട് ലക്ഷം രൂപയാണ് പഴയ കെട്ടിടത്തിന് മതിപ്പ് വില നിശ്ചയിച്ചത്. എന്നാൽ കെട്ടിത്തിലെ തടിക്ക് അഞ്ച് ലക്ഷത്തിന് മേൽ വിലകിട്ടും. ഇതിനുള്ള ടെൻഡർ പൊട്ടിക്കുന്നതിന് മുമ്പാണ് കൗൺസിലർമാർ ചേർന്ന് കെട്ടിടം പൊളിക്കുന്നതിന് നേതൃത്വം നൽകിയത്. കെട്ടിടത്തിന്റെ മേൽക്കൂരയിലെ വിലപിടിപ്പുള്ള തേക്കിൻ തടികളും കട്ടിളയും ജനലുകളും എടുത്തുമാറ്റി. ശേഷിക്കുന്ന ഭാഗം പൊളിച്ച് നീക്കരുതെന്ന് കാണിച്ച് സ്‌കൂൾ മേലധികാരിക്ക് നഗരസഭ എൻജിനിയർ സ്റ്റോപ്പ് മെമ്മോ നൽകി. ഇ ടെണ്ടറിന്റെ അവസാന തീയതിക്ക് മുമ്പായിരുന്നു കെട്ടിടം പൊളിച്ചു നീക്കിയത്. വിവാദമായതോടെ കെട്ടിടത്തിന്റെ വാല്യൂവേഷൻ തുകയെക്കാൾ കൂടുതൽ തുക ഉൾപ്പെടുത്തിയ ടെൻഡർ നൽകി ആദ്യം പൊളിച്ചവർക്ക് തന്നെ കരാർ നൽകി. ബി.ജെ.പി പ്രവർത്തകർ അതോടെ പ്രതിഷേധവുമായി എത്തി.
ഒത്തുകളി വെളിച്ചത്താവുമെന്ന ഘട്ടത്തിലാണ് പ്രതിപക്ഷ കൗൺസിലറെ രക്ഷിക്കാൻ പാർട്ടിയിലെ ഒരു വിഭാഗം നീക്കം തുടങ്ങിയത്. അതോടെയാണ് പാർട്ടിയിലും ഭിന്നതയ്ക്ക് കാരണമായത്.