ആലപ്പുഴ: പലിശ മുടങ്ങിയതിന്റെ പേരിൽ വീട് കയറി ഭീഷണിപ്പെടുത്തുകയും, തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും ചെയ്ത സംഭവങ്ങൾ ഒതുക്കി തീർക്കാൻ കുതിരപ്പന്തിയിലെ ലോക്കൽ കമ്മിറ്റി ഭാരവാഹികളും പൊലീസും ഒത്തുകളിക്കുന്നതായി പരാതി. കുതിരപ്പന്തി മുട്ടത്തിപ്പറമ്പ് പി.പ്രശാന്തിനെ ജനുവരി മുതലുള്ള പലിശ മുടങ്ങിയതിന്റെ പേരിൽ അഞ്ചംഗ സംഘം മർദ്ദിച്ചതായാണ് പരാതി. 2019 മെയ് മാസത്തിലാണ് കുതിരപ്പന്തി സ്വദേശിയിൽ നിന്ന് പ്രശാന്ത് 50,000 രൂപ 15 ശതമാനം പലിശയ്ക്ക് വാങ്ങിയത്. ഡിസംബർ വരെ പലിശ നൽകി. ഡ്രൈവറായ താൻ ജോലി ആവശ്യത്തിന് കോഴിക്കോട് പോയതോടെയാണ് പലിശ മുടങ്ങിയതെന്ന് പ്രശാന്ത് പറയുന്നു. മെയ് 28ന് അക്രമിസംഘം വീട്ടിൽക്കയറി മാതാപിതാക്കളെ ഭീഷണിപ്പെടുത്തി. ഈ മാസം 21ന് ഡ്രൈവറായി ജോലി ചെയ്യുന്ന പറവൂരിലെ വീടിനു മുന്നിൽ കാറിൽ നിന്നും വലിച്ചിറക്കി മറ്റൊരു വാഹനത്തിൽക്കയറ്റി മർദ്ദിക്കുകയും, കുതിരപ്പന്തിയിൽ ഒരു വീട്ടിൽ കൊണ്ടിട്ടു മ‌ർദ്ദിക്കുകയും ചെയ്തതായി പരാതിയിൽപ്പറയുന്നു. മർദ്ദനമേറ്റ് അവശനായ തന്നെ ജനറൽ ആശുപത്രിക്കു സമീപം കൊണ്ടിറക്കി വിട്ടെന്നും പ്രശാന്ത് പറയുന്നു. ആലപ്പുഴ സൗത്ത് സ്റ്റേഷനിലും, പുന്നപ്ര സ്റ്റേഷനിലും നിരവധിത്തവണ കയറി ഇറങ്ങിയിട്ടും പരാതി രജിസ്റ്റർ ചെയ്തിരുന്നില്ല. ലോക്കൽ കമ്മിറ്റിയുമായി ഇടപെട്ട് പണം പലിശയടക്കം നൽകി ഒത്തുതീർപ്പാക്കാനാണ് പൊലീസുകാർ ഉപദേശിച്ചതെന്ന് പ്രശാന്ത് പറയുന്നു. പറവൂരിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന വീട്ടിലെ ഗൃഹനാഥ, വാഹനം അക്രമികൾ തകർത്തതായി കാണിച്ച് നൽകിയ പരാതിയും വീടു കയറി ആക്രമണത്തിന് പ്രശാന്തിന്റെ അമ്മ ശാലിനി നൽകിയ പരാതിയും രജിസ്റ്റർ ചെയ്യാനും പൊലീസ് വൈമുഖ്യം കാണിച്ചതായി ആരോപണമുണ്ട്. 24ന് വൈകിട്ട് തന്റെ മൊഴിയെടുക്കാൻ പുന്നപ്ര പൊലീസ് തയാറായെങ്കിലും, എഴുതിതയാറാക്കി വെച്ചിരുന്ന മൊഴിയിൽ ഒപ്പീടീക്കാനാണ് ശ്രമിച്ചതെന്നും, കൊലക്കേസ് പ്രതി ഉൾപ്പടെയുള്ളവരെ പ്രതിപ്പട്ടികിൽ നിന്ന് ഒഴിവാക്കിയിരുന്നതായും പ്രശാന്ത് പരാതിപ്പെടുന്നു. ഇതേത്തുടർന്ന് മൊഴിപ്പകർപ്പിൽ ഒപ്പിടാതെ മടങ്ങുകയായിരുന്നു.