വള്ളികുന്നം: സി.പി. എമ്മിന്റെ നേതൃത്വത്തിൽ വള്ളികുന്നത്ത് ആരംഭിച്ച പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയ്ക്കെതിരെ യു.ഡി.എഫ് നടത്തുന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് പരാതി. യു.ഡി.എഫ് പഞ്ചായത്ത് ഭരണ സമിതി ആരംഭിച്ച പാലിയേറ്റി​വ് കെയർ നിലവിലെ പഞ്ചായത്ത് ഭരണസമിതി അട്ടിമറിക്കുന്നുവെന്നായിരുന്നു ആരോപണം. എന്നാൽ സംസ്ഥാന വ്യാപകമായി സി.പി എം നടത്തി വരുന്ന പെയിൻ ആൻഡ് പാലിയേറ്റി​വ് സൊസൈറ്റിയുടെ ഭാഗമായാണ് വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി രൂപീകരിച്ചത്. സി.പി.എമ്മിന്റെ നേതൃത്വത്തിൽ ഇത്തരം സമിതികൾ രൂപീകരിച്ച് പ്രവർത്തിക്കുന്ന എല്ലാ പഞ്ചായത്തിലും ഗ്രാമ പഞ്ചായത്തിന്റെ പാലിയേറ്റീവ് നടക്കുന്നുണ്ട്. അതുപോലെയാണ് വള്ളികുന്നം പടിഞ്ഞാറൻ മേഖലയിലും ഇതിന്റെ പ്രവർത്തനം നടക്കുന്നതെന്നും രാഷ്ട്രീയ ലക്ഷ്യമാണ് ഇതിന് പിന്നിലെന്നും വള്ളികുന്നം പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. മോഹൻകുമാർ പറഞ്ഞു.