01
മോഹനൻ ചിത്രരചനയിൽ

ആലപ്പുഴ: കാശ്മീർ അതിർത്തിയിൽ മുൻപ് തോക്കേന്തി രാജ്യത്തിന് കാവൽ നിന്ന ഹവീൽദാർ മോഹനൻ (51) കൊവിഡിനെ ചെറുക്കാൻ കൈയിലെടുത്തത് ബ്രഷും വർണങ്ങളും. കൊവിഡ് പ്രതിരോധ സന്ദേശവും മാസ്കിന്റെ ആവശ്യകതയും ചിത്രങ്ങളായപ്പോൾ മുൻ സൈനികനെ തേടിയെത്തിയത് അന്താരാഷ്ട്ര അംഗീകാരം.

തായ്‌ലാൻഡും ഇന്ത്യയും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പോസിറ്റീവ് എനർജി ആർട്ട് എന്ന സംഘടന കൊവിഡിനെ ആസ്പദമാക്കി സംഘടിപ്പിച്ച അന്തർദേശീയ ചിത്ര പ്രദർശനത്തിലേക്ക് മോഹനന്റെ ചിത്രമായ 'പ്രിവന്റീവ് കമ്യൂണിറ്രി സ്‌പ്രെഡ് ' തിരഞ്ഞെടുക്കപ്പെട്ടു. 26 രാജ്യങ്ങളിൽ നിന്നുള്ള സൃഷ്ടികൾ ഉൾപ്പെടുത്തിയിട്ടുള്ള പ്രദർശനത്തിൽ ഇടംപിടിച്ച മലയാളിയും മോഹനനാണ്. അവർ പ്രസിദ്ധീകരിക്കുന്ന കോഫീ ആർട്ട് ബുക്കിൽ ചിത്രം ഇടംപിടിക്കും.

31 വരെ പോസിറ്റീവ് എനർജി ആർട്ടിന്റെ സൈറ്റിൽ ചിത്രം കാണാം. 28 വരെ നടക്കുന്ന തിങ്ക് ഡിസൈനർ ആർട്ടിന്റെ മൺസൂൺ ഇന്റർനാഷണൽ ഓൺലൈൻ എക്സിബിഷനിലും മോഹനന്റെ നാല് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട്.

20 വർഷത്തെ സൈനിക സേവനത്തിന് ശേഷം 2008 ൽ നാട്ടിലെത്തി.

പള്ളിക്കൽ നടുവിലെ മുറി അഞ്ജനം വീട്ടിൽ മുഴുവൻ സമയ ചിത്രരചനയിലാണിപ്പോൾ. വീടിന്റെ മുകൾ നില ആർട്ട് മ്യൂസിയമായി.ചൈനയ്ക്കെതിരായ ഇന്ത്യൻ ചെറുത്തു നില്പും കുമാരനാശാന്റെ കരുണയും ചിത്രങ്ങളായി ഭിത്തിയിലുണ്ട്. 200 ചിത്രങ്ങളുടെ ശേഖരമാണ് ഇപ്പോഴുള്ളത്. നിരവധി എക്സിബിഷനുകളും നടത്തി.മാവേലിക്കര താലൂക്കിലെ വള്ളികുന്നം സ്വദേശിയായ മോഹനന് ചിത്രരചന സംബന്ധിയായ ബുക്കുകളാണ് ഗുരുക്കന്മാർ. സൈനിക സേവനത്തിന്റെ ഇടവേളകളിലും ചിത്രങ്ങൾ വരച്ചു കൂട്ടി. 2000ൽ മഹാരാഷ്ട്ര സർക്കാരിന്റെ ഇന്റർമീഡിയറ്റ് ഗ്രേഡ് ഡ്രോയിംഗ് പരീക്ഷ പാസായി. അക്രൈലിക് പെയിന്റിംഗ് സങ്കേതമാണ് കൂടുതലായും ഉയോഗിക്കുന്നത്.മലപ്പുറം പാലവെട്ടിയിൽ ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സായ നാൻസിയാണ് ഭാര്യ. മകൾ പ്ളസ് ടു കഴിഞ്ഞ അഞ്ജന.

രാഷ്ട്രപതി ഭവനിലും

മോഹനന്റെ സൃഷ്ടി

രാഷ്ട്രപതി ഭവനിലെ ചിത്ര ശേഖരത്തിലുമുണ്ട് മോഹനന്റെ ഒരു പെയിന്റിംഗ്. കാർഗിൽ യുദ്ധത്തെ ആസ്പദമാക്കി വരച്ച ചിത്രം ഡോ.എ.പി.ജെ, അബ്ദുൾ കലാം രാഷ്ട്രപതിയായിരുന്നപ്പോഴാണ് എത്തിച്ചത്.