ആലപ്പുഴ: സൗത്ത് പൊലീസ് സ്റ്റേഷനിലെ രണ്ട് പൊലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സ്റ്റേഷൻ കെട്ടിടം അടച്ചിട്ടു. ഒരു എസ്.ഐ, ഒരു കോൺസ്റ്റബിൾ എന്നിവര്‍ക്കാണ് പുതിയതായി രോഗം ബാധിച്ചത്. ഇതോടെ സ്റ്റേഷനിലെ ഒമ്പത് പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് എസ്.ഐ, മൂന്ന് എ.എസ്.ഐ, നാല് പൊലീസുകാർ എന്നിവർ ചികിത്സയിലാണ്. സി.ഐ ഉൾപ്പെടെ 55 പേര്‍ ക്വാറന്റൈനിലാണ്.
നിലവിൽ സ്റ്റേഷൻ പ്രവർത്തിച്ചിരുന്ന കെട്ടിടം വെള്ളിയാഴ്ച അണുവിമുക്തമാക്കിയിരുന്നു. സ്റ്റേഷൻ വളപ്പിൽ തന്നെയുള്ള പഴയ സി.ഐ ഓഫീസിലേക്ക് താല്‍ക്കാലികമായി പ്രവർത്തനം മാറ്റി. ശനിയാഴ്ച ആലപ്പുഴ സബ് ഡിവിഷന് കീഴിൽ തന്നെയുള്ള 12 പൊലീസുകാരെത്തിയാണ് സ്റ്റേഷൻ പ്രവർത്തിപ്പിച്ചത്. തിങ്കളാഴ്ച മുതൽ അണുവിമുക്തമാക്കിയ നിലവിലെ കെട്ടിടത്തിൽ തന്നെ സ്റ്റേഷൻ ജോലികൾ പുനരാരംഭിക്കുമെന്ന് സൗത്ത് എസ്.ഐ ശ്യാംകുമാർ പറഞ്ഞു. രോഗബാധിതരുമായി നേരിട്ട് സമ്പർക്കം പുലർത്താത്ത പൊലീസുകാരെ ഉപയോഗിച്ചാകും പ്രവർത്തനം.