മാവേലിക്കര : ശ്രീനാരായണീയ പ്രസ്ഥാനങ്ങൾക്കും നേതാക്കന്മാർക്കും എതിരെ നടക്കുന്ന സംഘടിത അക്രമണങ്ങളെ യോഗം പ്രവർത്തകർ ചെറുത്തു തോൽപ്പിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. കഴിഞ്ഞ കാൽനൂറ്റാണ്ടായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ അതൊന്നും നിയമത്തിനു മുന്നിൽ തെളിയിക്കാൻ ആർക്കും സാധിച്ചിട്ടില്ല. ശ്രീനാരായണ പ്രസ്ഥാനങ്ങൾക്ക് വെള്ളാപ്പള്ളിയുടെ കാലഘട്ടത്തിൽ ഉണ്ടായ സംഘടനാ വളർച്ചയാണ് ഇവരെ അലോസരപ്പെടുത്തുന്നത്.ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ വളർച്ച ഇല്ലാതാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് കെ.കെ. മഹേശന്റെ ആത്മഹത്യയുടെ പേരിൽ ഇപ്പോൾ നടക്കുന്ന അപവാദപ്രചരണം. ഇതു തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കാനുള്ള സംഘടനാശേഷി ശ്രീനാരായണ പ്രസ്ഥാനങ്ങൾക്കും പ്രവർത്തകർക്കും ഉണ്ടെന്ന് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി വിലയിരുത്തി. കൺവീനർ അഡ്വ. സിനിൽ മുണ്ടപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിന്റ് കൺവീനർമാരായ രാജൻ ഡ്രീംസ്, ഗോപൻ ആഞ്ഞിലിപ്ര, കമ്മിറ്റിയംഗങ്ങളായ വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ തുടങ്ങിയവർ സംസാരിച്ചു.