ചേർത്തല: സുപ്രീംകോടതി അഭിഭാഷകനുമായി ബന്ധപ്പെട്ട വഴിത്തർക്കത്തിൽ കുപ്രസിദ്ധ ക്വട്ടേഷൻ ഗുണ്ടാസംഘം ചേർത്തലയിൽ എത്തി ആക്രമണം നടത്തിയ കേസ് അടിമറിക്കുന്നതിന് പിന്നിൽ പൊലീസിലെ ബാഹ്യ ഇടപെടലെന്ന് സൂചന.ഗുണ്ടാസംഘത്തെ പിടികൂടിയെങ്കിലും ക്വട്ടേഷൻ നൽകിയ ഒന്നാം പ്രതിയായ അഭിഭാഷകനെയും ഇടനിലക്കാരനേയും പിടികൂടാതെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിലാണ് ആക്ഷേപം ഉയരുന്നത്.ബന്ധുക്കൾ തമ്മിലുള്ള വഴിത്തർക്കത്തിൽ എതിരാളിയെ വകവരുത്താൻ ഗുണ്ടാസംഘത്തെ ഏർപ്പാട് ചെയ്തെന്നാണ് സുപ്രീംകോടതി അഭിഭാഷകനെതിരെ ഉയരുന്ന പരാതി.കഴിഞ്ഞ 30നാണ് ചേർത്തല മുനിസിപ്പൽ 21-ാം വാർഡിൽ കുന്നേൽവെളിയിൽ സുരേഷ്(48)നെ ക്വട്ടേഷൻ സംഘം ആക്രമിച്ച് പരിക്കേൽപ്പിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്നതും പരോളിൽ പുറത്തിയതുമായ ഗുണ്ടാനേതാവിനെ ഉൾപ്പെടെ നാലു പേരെ ചേർത്തല പൊലീസ് പിടികൂടിയിരുന്നു. ചേർത്തല പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പരിക്കേറ്റ സുരേഷിന്റെ ബന്ധുവായ അഭിഭാഷകൻ ചേർത്തല തെക്ക് പഞ്ചായത്ത് 10-ാം വാർഡിൽ ബാൽ ഗാർഡനിൽ ബാലകൃഷ്ണപിള്ളയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു.കഴിഞ്ഞ 16ന് ഇയാൾ നൽകിയ മുൻകൂർ ജാമ്യഹർജി ആലപ്പുഴ സെഷൻസ് കോടതി തള്ളിയിരുന്നു.ആഴ്ചകളായി ഒളിവിൽ കഴിയുന്ന ഇയാൾ അരീപ്പറമ്പിലെ വീട്ടിൽ ഉള്ളതായാണ് വിവരം.മാത്രമല്ല ഇയാൾക്ക് ക്വട്ടേഷൻ ഏർപ്പെടുത്തി കൊടുത്ത ചേർത്തല സ്വദേശിയേയും പിടികൂടിയിട്ടില്ല.ഇതിനിടെയാണ് കേസ് അട്ടിമറിക്കാൻ അന്വേഷണ സംഘത്തെ പൊലീസിലെ ഉന്നത നേതൃത്വം ഇടപെട്ട് മാറ്റിയത്.ചേർത്തല പൊലീസ് ഇൻസ്പെക്ടർ പി.ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.28ന് കേസ് പരിഗണിക്കും.നിലവിൽ കേസ് അന്വേഷണം ഡി.സി.ആർ.ബി ഡി.വൈ.എസ്.പി വിദ്യാധരന് കൈമാറി ജില്ലാ പൊലീസ് മേധാവി ഉത്തരവിറക്കിയിരുന്നു.