alpy

 ആലപ്പുഴ സഹകരണ സ്പിന്നിംഗ് മിൽ വികസനക്കുതിപ്പിൽ

ആലപ്പുഴ:കഷ്ടദാരിദ്ര്യങ്ങളുടെ ഒരു കാലമുണ്ടായിരുന്നു കായംകുളത്തെ സഹകരണ സ്പിന്നിംഗ് മില്ലിന്.പലരുടെയും കാരുണ്യത്തിലും സഹായത്തിലുമാണ് പ്രതിസന്ധികളിൽ ഒരു വിധം പിടിച്ചു നിന്നത്. പിന്നീട് കഥ മാറി. നേർ വഴിയിലായി സഞ്ചാരം. ഇപ്പോഴിതാ പുതിയ കുതിപ്പിന് തയ്യാറെടുക്കുകയാണ് വ്യവസായ വകുപ്പിന് കീഴിലുള്ള ഈ സഹകരണ പ്രസ്ഥാനം.

സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിക്കുള്ള തുണി നിർമ്മാണത്തിന് നൂൽ ഇവിടെ നിന്ന് വാങ്ങാൻ ധാരണയായി.6000 കിലോ നൂലിനുള്ള ഓർഡർ കിട്ടി. പുറമെമേ നൂൽ കയറ്രുമതി ചെയ്യാനും തയ്യാറെടുക്കുകയാണ് . കായംകുളത്തിനടുത്ത് കരിയിലക്കുളങ്ങരയിലുള്ള ആലപ്പുഴ സഹകരണ സ്പിന്നിംഗ് മിൽ മൊത്തത്തിൽ ഉണർവിലാണ്. ആധുനിക മെഷീണറികൾ സ്ഥാപിച്ച് ഉത്പാദനം കൂട്ടാനുള്ള നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി.സഹകരണ സ്ഥാപനങ്ങൾ പൊതുവേ നഷ്ടത്തിന്റെ കണക്കുകളിലേക്ക് കൂപ്പു കുത്തുമ്പോൾ, വിജയത്തിന്റെ കഥ തുടരാനുള്ള ഉത്സാഹത്തിലാണ് മാനേജ്മെന്റും ജീവനക്കാരും.

2015 - ലാണ് സ്ഥാപനത്തിന്റെ ആധുനികവത്കരണത്തിന് തുടക്കമിടുന്നത്.ദേശീയ സഹകരണ വികസന കോർപ്പറേഷന്റെ (എൻ.സി.ഡി.സി) സാമ്പത്തിക സഹായത്തോടെ 33.94 കോടിയുടെ വികസന പ്രവർത്തനങ്ങളുടെ പദ്ധതി തയ്യാറാക്കി. 10 ശതമാനം സബ് സിഡിയോടെയാണ് വായ്പ. ഇതിനിടെ സ്ഥാപനത്തിന് ഐ.എസ്.ഒ അംഗീകാരവും ലഭിച്ചു.ആധുനിക യന്ത്രസംവിധാനങ്ങൾ ഇറക്കി.25,200 സ്പിൻഡിൽ ഉത്പാദനം എന്ന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. എം.എ.അലിയാറിന്റെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ മേൽനോട്ടമാണ് പുരോഗതിയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നത്.

ഉത്പാദനശേഷി

2010ൽ : 12,000 സ്പിൻഡിൽ

ഇപ്പോൾ: 25,200 സ്പിൻഡിൽ

വിറ്റുവരവ്

2013-ൽ 7 കോടി

2019-20-ൽ 17 കോടി

250 : മൂന്ന് ഷിഫ്റ്റുകളിലായി 250 ഓളം ജീവനക്കാർ ഇപ്പോൾ ജോലി ചെയ്യുന്നു.

30,000:മുപ്പതിനായിരം ഓഹരികളിൽ നിന്നുള്ള മൂന്ന് കോടിയുടെ പ്രവർത്തന മൂലധനത്തിലായിരുന്നു തുടക്കം.

1999: ൽ സുശീല ഗോപാലൻ വ്യവസായ മന്ത്രിയായിരിക്കെയാണ് വ്യാവസായിക ഉത്പാദനം തുടങ്ങിയത്.

തച്ചടിയുടെ ഭാവന, ജി.സുധാകരന്റെ തലോടൽ

കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ കരുത്തുറ്റ നായകൻ, അന്തരിച്ച മുൻ മന്ത്രി തച്ചടി പ്രഭാകരന്റെ ഭാവനയിൽ വിരിഞ്ഞ സ്ഥാപനമാണ് ആലപ്പുഴ സഹകരണ സ്പിന്നിംഗ് മിൽ.1980 ലെ ഇ.കെ.നായനാർ മന്ത്രിസഭയുടെ കാലത്ത് അന്ന് കായംകുളം എം.എൽ.എ ആയിരുന്ന തച്ചടി പ്രഭാകരനാണ് ഇങ്ങനെയൊരു സഹകരണ സ്ഥാപനത്തിന് തുടക്കമിട്ടത്. 30,000 ഓഹരികളിൽ നിന്നുള്ള മൂന്ന് കോടിയുടെ പ്രവർത്തന മൂലധനത്തിലായിരുന്നു തുടക്കം. കരിയിലക്കുളങ്ങരയ്ക്ക് സമീപത്ത് പത്തേക്കറോളം സ്ഥലമായി, കെട്ടിടങ്ങൾ ഉയർന്നു, മെഷീണറികൾ വന്നു. പക്ഷെ പല വിധ തടസങ്ങൾ കാരണം വ്യാവസായിക അടിസ്ഥാനത്തിലുള്ള ഉത്പാദനം തുടങ്ങാൻ കഴിഞ്ഞില്ല.1996-ൽ ഇപ്പോഴത്തെ പൊതുമരാമത്ത് -രജിസ്ട്രേഷൻ മന്ത്രി ജി.സുധാകരൻ കായംകുളം മണ്ഡലത്തിൽ നിന്ന് എം.എൽ.എ ആയ ഘട്ടത്തിൽ സ്പിന്നിംഗ് മില്ലിന്റെ ചെയർമാൻ പദവിയും ഏറ്റെടുത്തു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളുടെ ഫലമായി 1999-ൽ സുശീല ഗോപാലൻ വ്യവസായ മന്ത്രിയായിരിക്കെയാണ് വ്യാവസായിക ഉത്പാദനം തുടങ്ങിയത്. 6048 സ്പിൻഡിലായിരുന്നു അന്നത്തെ ശേഷി. പിന്നീട് 2010-ൽ ഉത്പാദന ശേഷി 12,096 സ്പിൻഡിലുകളായി ഉയർത്തി.അതിന് ശേഷമാണ് സ്ഥാപനം ഒരു വിധം ചിട്ടയോടെ മുന്നോട്ടു പോകാൻ തുടങ്ങിയത്.

പുതിയ ഓർഡർ

സ്കൂൾ യൂണിഫോം നിർമ്മാണത്തിനുള്ള പോളിസ്റ്റർ-കോട്ടൺ നൂൽ സപ്ളൈ ചെയ്യാനുള്ള ഓർഡർ ലഭിച്ചു തുടങ്ങി.ഒരു കിലോയ്ക്ക് 200 രൂപ നിരക്കിൽ 6000 കിലോയുടെ ഓർഡറാണ് ഇപ്പോൾ ലഭിച്ചിട്ടുള്ളത്. ഇത് ഇനിയും വർദ്ധിക്കും.മ്യാൻമാറിലേക്ക് നൂൽ കയറ്രുമതി ചെയ്യാനുള്ള സാദ്ധ്യതയും തെളിയുകയാണ്.

''ഉത്പാദനം കൂടുന്നതോടെ പുതിയ മാർക്കറ്റുകൾ കിട്ടുമെന്നാണ് പ്രതീക്ഷ.ലോക്ക് ഡൗൺ ചെറിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെങ്കിലും ജീവനക്കാരുടെ ശമ്പളവും മറ്ര് ആനുകൂല്യങ്ങളും മുടക്കമില്ലാതെ നൽകുന്നുണ്ട്.

-പി.എസ്.ശ്രീകുമാർ,ജനറൽ മാനേജർ