കായംകുളം: കായംകുളത്ത് ഇന്നലെ മൂന്നു പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 106 ആയി. കായംകുളം മാർക്കറ്റുമായുള്ള സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗം പകർന്നത്. 300 പേരുടെ ഫലങ്ങൾ ഇനി വരാനുണ്ട്.

രോഗവ്യാപനം തടയുവാൻ നിയന്ത്രണങ്ങൾ പാലിച്ചേ മതിയാകൂവെന്ന് നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ പറഞ്ഞു. രോഗബാധിതരെ കുറ്റപ്പെടുത്താതെ കൂടുതൽ പേരിലേക്ക് രോഗം വ്യാപിക്കാതിരിക്കാനുള്ള നടപടികളാണ് നഗരസഭ സ്വീകരിക്കുന്നത്.

ഒരു വാർഡിൽ സ്ഥിരീകരിച്ച രോഗം ഇപ്പോൾ 21 വാർഡുകളിൽ വ്യാപിച്ചിരിക്കുകയാണ്. നാടാകെ അത്യന്തം ഭീതിയിൽ കഴിയുമ്പോൾ ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ പട്ടണത്തിൽ രോഗബാധിതരുടെ എണ്ണം വർദ്ധിക്കും.

നഗര സഭാ ചെയർമാൻ

രാഷ്ട്രീയ മുതലെടുപ്പി​ന്റെ സമയമല്ല

106 രോഗബാധിതർ നഗരത്തിൽ ഉണ്ടായത് വല്ലാത്ത ആശങ്ക ഉളവാക്കുന്നതാണ്. വരാൻ പോകുന്ന ദിവസങ്ങളിൽ സമൂഹവ്യാപനം എന്ന ഭീതിയിൽ നിന്നും നാടിനെയും ജനങ്ങളെയും രക്ഷിക്കാൻ നഗരസഭ പരമാവധി പരിശ്രമിക്കുകയാണ്. ഈ സാഹചര്യത്തിൽ അവശ്യവസ്തുക്കൾ മാത്രം വിൽക്കാൻ ജില്ലാ കളക്ടറുടെ അനുമതി നിലനിൽക്കുമ്പോൾ ഇതരസംസ്ഥാനത്തുനിന്ന് എത്തുന്ന ചരക്കു ലോറികൾ കൊവിഡ് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെ മാത്രമാണ് നഗരസഭാ വക റെയിൽവേ ടെർമിനൽ ബസ് സ്റ്റാൻഡിൽ ഇറക്കാൻ നഗരസഭാ മോണിറ്ററിംഗ് കമ്മി​റ്റി അനുമതി നൽകിയത്. ഇത് പച്ചക്കറി വ്യാപാരികളെ സഹായിക്കാനായിരുന്നു. സദുദ്ദേശപരമായി എടുത്ത ഈ തീരുമാനത്തെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് ചിലർ ശ്രമിക്കുന്നതെന്ന് ചെയർമാൻ ആരോപി​ച്ചു.