s

 പീലിംഗ് ഷെഡുകൾ അടച്ചതോടെ തീറ്റ കിട്ടാതായി

പൂച്ചാക്കൽ : കൊവിഡ് വ്യാപനത്ത തുടർന്ന് തീറ്റ കിട്ടുന്നതിലുണ്ടായ ബുദ്ധിമുട്ടും മുട്ടലഭ്യതയിലുണ്ടാകുന്ന കുറവും വേമ്പനാട് കായലിന്റെയും കൈതപ്പുഴ കായലിന്റെയും തീരങ്ങളിലെ താറാവു കർഷകരെ പ്രതിസന്ധിയിലാക്കുന്നു. 143 കർഷകരാണ് കരപ്പുറം മേഖലയിൽ താറാവു വളർത്തലിനെ ആശ്രയിച്ച് ജീവിക്കുന്നത്.

നാട്ടിൻപുറങ്ങളിലെ പീലിംഗ് ഷെഡുകളിൽ നിന്നും ശേഖരിക്കുന്ന ചെമ്മീൻതലയായിരുന്നു താറാവുകൾക്ക് പ്രധാന തീറ്റയായി കൊടുത്തു കൊണ്ടിരുന്നത്. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് പീലിംഗ് ഷെഡുകൾ മാസങ്ങളായി പൂട്ടിയിട്ടിരിക്കുന്നതിനാൽ പശ്ചിമകൊച്ചിയിൽ നിന്നും ഓട്ടോകളിലാണ് ഇപ്പോൾ തീറ്റ എത്തിക്കുന്നത്. വലിയ സാമ്പത്തിക നഷ്ടമാണ് ഇത് മൂലം കർഷകർക്കുണ്ടാകുന്നത്.

ചെറുകിട കർഷകർ ഇരുന്നൂറു മുതൽ അഞ്ഞൂറു വരെ താറാവുകളെയാണ് വളർത്തുന്നത്. ഒരു വർഷത്തിൽ നാലുമാസത്തോളം മുട്ട ഉത്പാദനത്തിൽ കുറവുണ്ടാകും. അമിതമായി മഴ ലഭിക്കുന്ന അവസരങ്ങളും താറാവുകൾ തൂവൽ പൊഴിക്കുന്ന സമയവുമാണിത്.

ഹരിപ്പാട് ഹാച്ചറിയിൽ വിരിയിക്കുന്ന നാടൻ താറാവും ആന്ധ്രയിൽ നിന്നും കൊണ്ടുവരുന്ന ആറാന താറാവുമാണ് ഇവിടെ വളർത്തുന്നത്.. ഹാച്ചറിയിൽ നിന്നും മൂന്നു ദിവസം പ്രായമായ കുഞ്ഞുങ്ങളെ പതിനെട്ട് രൂപ പ്രകാരമാണ് കർഷകർക്ക് നൽകുന്നത്. സാധാരണ കാലാവസ്ഥയിൽ നാലര മാസമാകുമ്പോൾ മുട്ടയിട്ടാൻ തുടങ്ങും. നല്ല ചൂടുള്ള അന്തരീക്ഷമാണെങ്കിൽ അഞ്ചര മാസമാകും. രണ്ടു വർഷക്കാലമാണ് നന്നായി ആദായം ലഭിക്കുന്നത് .കരപ്പുറത്തെ ചെറുകിട കർഷകർ മുട്ടയിടുന്ന വളർച്ചയെത്തിയ താറാവുകളെയാണ് പ്രധാനമായും വാങ്ങുന്നത്. ഇരുനൂറ്റി അൻപത് മുതൽ മുന്നൂറ് രൂപ വരെ ഒരെണ്ണത്തി​ന് വില നൽകേണ്ടി വരും.

 രണ്ടു വർഷം കഴിഞ്ഞാൽ ഇറച്ചിക്ക്

രണ്ടു വർഷത്തെ പരിപാലനം കഴിഞ്ഞ് താറാവിനെ ഇറച്ചി വ്യാപാരികൾക്ക് കൊടുക്കുകയാണ് പതിവ്. ആറാന താറാവിൽ നിന്നും നാടനിൽ നിന്നും ഒരേ പോലെയാണ് മുട്ടയിൽ നിന്നുള്ള ആദായമെങ്കിലും ഇറച്ചിക്കായി വിൽക്കുമ്പോൾ നാടനാണ് ഡിമാൻഡ്.വൈറസ് ബാധയേറ്റ് കൂട്ടത്തോടെ താറാവുകൾ ചത്തുപോകുന്നതാണ് ഈ മേഖലയിലെ മറ്റൊരു വെല്ലുവിളി. ചെറുകിട കർഷകർക്ക് ആനുകൂല്യങ്ങളോ ഇൻഷ്വറൻസ് പരിരക്ഷയോ കിട്ടുന്നില്ല. കോഴി വളർത്തലിന് സർക്കാർ കൊടുക്കുന്ന ആനുകൂല്യങ്ങൾ താറാവ് കർഷകർക്കും ലഭ്യമാക്കണമെന്നാണ് ആവശ്യം.

 താറാവുകൾക്ക് ഭക്ഷണം

രാവിലെയും വൈകിട്ടും അരിയോ മറ്റ് ധാന്യങ്ങളും ഉച്ചക്ക് ചെമ്മീൻ തലയുമാണ് താറാവിന്റെ ഭക്ഷണക്രമം. പകൽ സമയങ്ങളിൽ അടുത്തുള്ള ജലാശയങ്ങളിൽ എത്തിച്ച് പൊടിമീനുകൾ ഭക്ഷിക്കാനുള്ള സൗകര്യവുമുണ്ടാകും. ചെറുകിട കർഷകർ ഇരുന്നൂറു മുതൽ അഞ്ഞൂറു വരെ താറാവുകളെയാണ് വളർത്തുന്നത്. നൂറ് താറാവിന് പ്രതിദിനം ഇരുപത് കിലോഗ്രാം അരി, ഒരു പെട്ടി ചെമ്മീൻ തല എന്നിവയാണ് തീറ്റയായി നൽകുന്നത്.  വരുമാനവും ചിലവും സീസണിൽ നൂറ് താറാവിൽ നിന്ന് പ്രതിദിനം അറുപത് മുട്ടകൾ ശരാശരി കിട്ടും. എട്ടു രൂപ പ്രകാരമാണ് മുട്ടയൊന്നിന് കിട്ടുക. കിലോഗ്രാമിന് 12 രൂപ പ്രകാരം 20 കിലോ അരി വേണം. ചെമ്മീൻതല നാട്ടിലെ പീലിംഗ് ഷെഡുകളിൽ നിന്ന് സൗജന്യമായി ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ ഒരു ബോക്സിന് നൂറു രൂപയെങ്കിലും മുടക്കിയാണ് പശ്ചിമ കൊച്ചിയിൽ നിന്ന് കൊണ്ടുവരുന്നത്. എല്ലാം കഴിഞ്ഞ് നൂറു രൂപ മിച്ചം കിട്ടിയാൽ ഭാഗ്യമെന്ന് താറാവ് കർഷകർ പറയുന്നു.

''താറാവ് വളർത്തൽ കുടുംബശ്രീ മിഷനുമായി ബന്ധപ്പെടുത്തി വായ്പ അനുവദിക്കുകയും മുട്ട സംഭരിക്കാനും വിപണനത്തിനുമായുള്ള സൗകര്യം ഏർപ്പെടുത്തുകയും വേണം

ഷാബു, വാരിക്കാട്ട്.

( ചെറുകിട കർഷകൻ)

നാടൻ താറാവിന്റെ കുഞ്ഞുങ്ങളെ സബ്സിഡി നിരക്കിൽ ലഭ്യമാക്കുകയും ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പു വരുത്തുകയും വേണം.

അനിൽ കുറ്റിക്കര.

( പ്രസിഡന്റ്, താറാവ് കർഷക സമിതി )