ചേർത്തല:കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ തണ്ണീർമുക്കം ഗ്രാമ പഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയ പുസ്തകത്തിന്റെ പ്രകാശനം അഡ്വ.എ.എം.ആരീഫ് എം.പി നിർവഹിച്ചു.സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം നടത്തിയ പ്രവർത്തനങ്ങൾ പുസ്തക രൂപത്തിലാക്കി ജനങ്ങൾക്ക് കൈമാറുന്നത്. നിരവധി പ്രവർത്തനങ്ങളാണ് തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് നടത്തിയത്.
ഏറ്റവും അധികം ജനപിന്തുണ നേടിയ പ്രവർത്തനങ്ങൾ തണ്ണീർമുക്കത്തിന്റേതാണെന്ന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ വിലയിരുത്തി. കിലയും തണ്ണീർമുക്കത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ നേർകാഴ്ച്ചകൾ എന്നപേരിൽ പുസ്തകം പ്രകാശനം ചെയ്യുന്നുണ്ട്.പ്രതിരോധത്തിന്റെ ഭാഗമായി തൂവാല വിപ്ലത്തിലൂടെ തൂവാലയും സോപ്പും നൽകിയാണ് പ്രവർത്തനം ആരംഭിച്ചത്. സാമൂഹിക അകലം പാലിക്കാൻ കുട ചൂടാം എന്ന പദ്ധതി ലോക ശ്രദ്ധ ആകർഷിച്ചു. കൊവിഡുമായി ബന്ധപ്പെട്ട് പഞ്ചായത്ത് നടത്തിയ വിവരശേഖരണം മറ്റ് പഞ്ചായത്തുകൾക്ക് മാതൃകയായി.പ്രചരണ പ്രവർത്തനങ്ങളിൽ ഓട്ടൻ തുളളലും, ഓൺലൈൻ സംവിധാനവും,ബ്രേക്ക് ദി ചെയിൻ കാമ്പയിനും ഏറെ ശ്രദ്ധ നേടിയിരുന്നു. കുടുംബശ്രീ ആരംഭിച്ച പാഥേയം ഭക്ഷണശാല മൂന്ന് മാസങ്ങൾ പിന്നിടുകയാണ്.വനിതകളുടെ നേതൃത്വത്തിലുളള ക്രാക്ക് എന്ന പേരിലുളള പ്രതിരോധ സേനയും ഉൾപ്പെടെ നൂറിൽപ്പരം വ്യത്യസ്തങ്ങളും നൂതനവുമായ പ്രതിരോധ പദ്ധതികളിലൂടെ സംസ്ഥാനത്തിന് മാതൃകയായ മികച്ച പ്രവർത്തനങ്ങൾക്കുളള റോട്ടറി ഇന്റർ നാഷണൽ അവാർഡും തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിനായിരുന്നു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പഞ്ചായത്തിനോടൊപ്പം നിരവധി സഹായങ്ങൾ നൽകിയ മതിലകം സേക്രട്ട് ഹാർട്ട് സ്ഥാപനങ്ങളുടെ മദർ ജനറൽ സിസ്റ്റർ സെലസ്റ്റ്യൻ ഫ്രാൻസീസിന് പുസ്തകം കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ രേഷ്മരംഗനാഥ്,രമാമദനൻ,സുധർമ്മസന്തോഷ്,ബിനിത മനോജ്,കെ.ജെ സെബാസ്റ്റ്യൻ,ശ്രീജ ഷിബു എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി അബുദുൽഖാദർ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സുനിൽകുമാർ നന്ദിയും പറഞ്ഞു.