
ചാരുംമൂട്: ഇടക്കുന്നം 306 നമ്പർ ശാഖായോഗം വക ഗുരുക്ഷേത്രം കല്ലെറിഞ്ഞ് തകർത്ത സംഭവത്തിൽ പിടിയിലായ പ്രതി ഹരിയുടെ മൊഴിപ്രകാരം ശാഖയോഗം മുൻ സെക്രട്ടറി മുരളി ഗുരുവായൂരിനെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രവർത്തകർ ഇടക്കുന്നം ഗുരു ക്ഷേത്രത്തിൽ ഉപവാസം നടത്തി. ഉപവാസം യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ബി. സത്യപാൽ മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർമാൻ രഞ്ജിത്ത്ചുനക്കര, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗം ചന്ദ്രബോസ്, അഭിലാഷ്, വനിതാസംഘം ചെയർപേഴ്സൺ വന്ദന സുരേഷ്, സൈബർ സേന കോർഡിനേറ്റർ ഷാൽവിസ്മയ എന്നിവർ സംസാരിച്ചു. മുൻ ശാഖ സെക്രട്ടറിയായ മുരളി ഗുരുവായൂരിൻറെ നിർദേശപ്രകാരമാണ് കല്ലെറിഞ്ഞത് എന്ന് ഹരി പൊലീസിനോട് ചോദ്യംചെയ്യലിൽ സമ്മതിച്ചിരുന്നു.
ചാരുംമൂട് യൂണിയൻ യൂത്ത്മൂവ്മെന്റ് ചെയർമാൻ വി വിഷ്ണു, കൺവീനർ അനുരാജ്, ജോയിന്റ് കൺവീനർ മഹേഷ് വെട്ടിക്കോട്, യൂത്ത് മൂവ്മെന്റ് കേന്ദ്ര കമ്മിറ്റി അംഗം ശ്രീകാന്ത്, യൂത്ത് മൂവ്മെന്റ് കമ്മറ്റി അംഗം ശ്രീക്കുട്ടൻ ചുനക്കര എന്നിവരുടെ നേതൃത്വത്തിലാണ് ഉപവാസം നടത്തിയത്.