ഹരിപ്പാട്: മഹിളാ കിസാൻ സശാക്തീകരൺ പരിയോജന (എം.കെ.എസ്.പി.) യുടെ ഭാഗമായി തൃക്കുന്നപ്പുഴ കൃഷിഭവന്റെ സഹകരണത്തോടെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തി തൃക്കുന്നപ്പുഴ 9-ാം വാർഡിൽ ജൈവ രീതിയിൽ നടത്തിയ വെണ്ട കൃഷിയുടെ വിളവെടുപ്പ് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുധിലാൽ തൃക്കുന്നപ്പുഴ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം ശ്രീകല, വിജയൻ കൊല്ലന്റെ കിഴക്കതിൽ , മുരളീധരബാബു , ഗ്രൂപ്പ് അംഗങ്ങളായ ലിസ സന്തോഷ് , വത്സല ചന്ദ്രൻ , ശില്പ റജി , സൗമ്യ ദീപക് , സന്ധ്യ ജനീഷ് എന്നിവർ പങ്കെടുത്തു. ജൂൺ നാലിനാണ് പതിയാങ്കര അമ്മാടിശ്ശംപറമ്പിൽ മുരളീധരബാബുവിന്റെ 50 സെന്റ് സ്ഥലം പാട്ടത്തിനെടുത്ത് 1000 വെണ്ട വിത്ത് പാകി കൃഷി ആരംഭിച്ചത്. തൊഴിലുറപ്പു പദ്ധതിയിലൂടെയാണ് കൃഷിക്കായി നിലം ഒരുക്കിയത്. കൊറോണക്കാലത്ത് വാർഡിലെ ജനങ്ങൾക്കാവശ്യമായ വിഷരഹിത പച്ചക്കറികൾ ഉല്പാദിപ്പിക്കുന്നതിന് നിരവധി ജെ.എൽ.ജി. ഗ്രൂപ്പുകളുടെ നേതൃത്വത്തിലും സർക്കാരിന്റെ "ഓണത്തിന് ഒരു മുറം പച്ചക്കറി " പദ്ധതിയുടെ ഭാഗമായി 150 ഓളം വീടുകളിലും വിവിധയിനം പച്ചക്കറികൾ കൃഷി ചെയ്യുന്നുണ്ടെന്ന് വാർഡുമെമ്പർ സുധിലാൽ തൃക്കുന്നപ്പുഴ പറഞ്ഞു.