ചേർത്തല:സർക്കാർ ആരംഭിച്ച സുഭിക്ഷ കേരളത്തിന്റെ ഭാഗമായി മത്സ്യ,മൃഗസംരക്ഷണ മേഖലയിൽ സമഗ്ര പദ്ധതികളുമായി കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്ക്.മിതമായ പലിശ നിരക്കിൽ ലളിതമായ തവണ വ്യവസ്ഥയിൽ അഞ്ചു ലക്ഷം രൂപ വരെ വായ്പകൾ നൽകുന്നതോടൊപ്പം ഉത്പ്പന്ന വിപണനത്തിനും അടിസ്ഥാന അറിവുകൾ പകർന്നു നൽകുന്നതിനും പ്രാമുഖ്യം നൽകുന്ന വിധമാണ് സമഗ്ര കാർഷിക പദ്ധതി ബാങ്ക് വിഭാവനം ചെയ്തിട്ടുള്ളത്.പശു,ആട്,കോഴി,മത്സ്യം എന്നിവയ്ക്കു പുറമേ ഇറച്ചി ആവശ്യങ്ങൾക്കായി പോത്ത്,മുട്ടനാട് ,പൂവൻകോഴി എന്നിവ വളർത്തുന്നതിനും സഹായങ്ങൾ ഈ വായ്പാ പദ്ധതിയിലൂടെ ലഭിക്കും. പാലുത്പാദനം ലക്ഷ്യമിട്ട് കറവപ്പശുക്കളെ വാങ്ങുന്നതിനായി ക്ഷീരോത്പാദക സഹകരണ സംഘങ്ങളുടെ സഹായവും ലക്ഷ്യമിടുന്നുണ്ട്. മൃഗസംരക്ഷണ കേന്ദ്രത്തിന്റെയും വെറ്ററിനറി സർജന്റെയും സഹായം പദ്ധതിക്കുണ്ടാകും.പ്രാഥമിക അറിവുകൾ മുതൽ കർഷകർക്ക് പകർന്നു നൽകുന്ന വിവര വിജ്ഞാന പരിപാടിയും ബാങ്ക് വിദഗ്ദ്ധരുടെ സഹായത്തോടെ ഒരുക്കും.ഉത്പ്പന്ന വിപണനത്തിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും സമഗ്ര വായ്പാപദ്ധതി പ്രയോജനപ്പെടുത്താൻ കഴിയും. മത്സ്യകർഷകർക്കായി നാടൻ മത്സ്യക്കുഞ്ഞുങ്ങൾ ഉൾപ്പെടെ ബാങ്ക് 'വാങ്ങി നൽകും.പ്രാദേശിക തലത്തിൽ ഇറച്ചി ഉത്പാദനം വർദ്ധിപ്പിക്കുന്നതിനായുള്ള പ്രത്യേക പദ്ധതിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
മൃഗസംരക്ഷണ മേഖലയിൽ വിളയടിസ്ഥാനത്തിൽ സംഘടിപ്പിച്ചിട്ടുള്ള ഗ്രൂപ്പുകൾക്കുള്ള വായ്പാ വിതരണം ഇന്ന് നടക്കും.
ഓൺലൈൻ ക്ളാസ്
കർഷകർക്ക് ആവശ്യമായ വിഞ്ജാപനം പകർന്നു നൽകുന്നതിന് ഓൺലൈൻ സൗകര്യത്തോടെയുള്ള ക്ലാസുകളാണ് ആലോചിക്കുന്നത്.മൃഗസംരക്ഷണ മേഖലയിൽ ഡേകെയർ സെന്റർ എന്ന സംവിധാനത്തെ സംബന്ധിച്ചും ആലോചിക്കുന്നുണ്ട്.പച്ചക്കറി ഉത്പാദനം വർദ്ധിച്ചതോടെ വിപണന പ്രശ്‌നം പരിഹരിക്കുന്നതിന് വ്യക്തികൾക്കും ഗ്രൂപ്പുകൾക്കും വിപണന കേന്ദ്രങ്ങൾ ഒരുക്കുന്നതിനായുള്ള വായ്പയും ബാങ്ക് നൽകുന്നുണ്ട്.ഗ്രാമീണം എന്ന പേരിൽകഞ്ഞിക്കുഴി ഉത്പ്പന്നങ്ങളുടെ സഞ്ചരിക്കുന്ന വിപണനകേന്ദ്രം ഉടൻ ആരംഭിക്കും.