മാന്നാർ: കോവിഡ് ബാധിച്ച് മരിച്ച തെങ്കാശി സ്വദേശിയുടെ മൃതദേഹം ഏറ്റെടുത്ത് മറവ് ചെയ്തു മാന്നാർ മുസ്ലിം ജമാഅത്ത് മാതൃകയായി. ഹൃദയസംബന്ധമായ രോഗത്തിന് ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ച് മരിച്ച ചെങ്ങന്നൂർ ബഥേൽ ജംഗ്ഷന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന തെങ്കാശി കടയനല്ലൂർ സ്വദേശി ദീനോലി (55)യുടെ മൃതദേഹമാണ് മാന്നാർ മുസ്ലിം ജമാഅത്ത് കമ്മിറ്റി ഏറ്റെടുത്തത്. മക്കളുടെ നിസഹായാവസ്ഥ മനസിലാക്കി ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ദീനോലി മരിച്ചത്. തുടർന്ന് മക്കൾ പോപ്പുലർ ഫ്രണ്ട് ജില്ലാ ഭാരവാഹികളുമായി ബന്ധപ്പെട്ടു. തുടർന്നാണ് മാന്നാർ മുസ്ലിം ജമാഅത്ത് മുന്നോട്ടു വന്നത്. ജമാഅത്ത് കമ്മിറ്റിയുടെ സമ്മതപത്രം പഞ്ചായത്തിനും ആരോഗ്യ വകുപ്പിനും കൈമാറി. മാന്നാർ മുസ്ലിം ജമാ അത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കൽ, സെക്രട്ടറി നവാസ് ജലാൽ എന്നിവർ പഞ്ചായത്ത് പ്രസിഡന്റ്, തഹസിൽദാർ, കളക്ടർ എന്നിവരുമായി ബന്ധപ്പെട്ട് വേണ്ട ക്രമീകരണങ്ങൾ നടത്തി. രാത്രി രണ്ടുമണിയോടെ മൃതദേഹം മാന്നാറിൽ എത്തിച്ചു. എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു തയ്യാറാക്കിയ കുഴിയിൽ മതാചാരപ്രകാരം മറവ് ചെയ്തു. ഹെൽത്ത് ഇൻസ്‌പെക്ടർ ജയമോഹൻ നിർദ്ദേശങ്ങൾ നൽകാൻ ഒപ്പമുണ്ടായിരുന്നു.