ചാരുംമൂട്: നൂറനാട് ഐ.ടി.ബി.പിയിലെ രണ്ട് ഉദ്യോഗസ്ഥരും മേഖലയിലെ രണ്ട് സ്ത്രീകളുമടക്കം അഞ്ചു പേർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. താമരക്കുളം, നൂറനാട് പഞ്ചായത്തുകളിൽ താമസക്കാരായ രണ്ടു സ്ത്രീകൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇവരിൽ 36 കാരിയായ സ്ത്രീ കണ്ണനാകുഴിയിലെ മത്സ്യ വ്യാപാരിയുടെ അയൽവാസിയാണ്. ദുബായിൽ നിന്നെത്തിയ നൂറനാട് പാറ്റൂർ സ്വദേശിയായ 35 കാരനാണ് രോഗം ബാധിച്ച മറ്റൊരാൾ. ലാർജ് ക്ലസ്റ്റർ കണ്ടെയ്ൻമെന്റ് സോണുകളായ താമരക്കുളം,നൂറനാട്, പാലമേൽ പഞ്ചായത്തുകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയതോടൊപ്പം മറ്റ് നിയന്ത്രണങ്ങളും തുടരുകയാണ്. സമ്പർക്കപ്പട്ടികയിലുള്ള നിരവധിയാളുകൾ ഇവിടെ ക്വാറന്റൈയിനിൽ കഴിയുന്നുണ്ട്. നൂറനാട് ഐ.ടി.ബി.പിയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാകളക്ടർ എ.അലക്‌സാണ്ടർ ഇന്നലെ സൂം മീറ്റിംഗ് നടത്തി. ഡി.എം.ഒ, ഐ.ടി.ബി.പി കമാൻഡന്റ്, സാനിട്ടോറിയം സൂപ്രണ്ട് എന്നിവർ പങ്കെടുത്തു. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരിൽ രോഗമുക്തി നേടുന്നവരെ നേരിട്ട് ക്യാമ്പിലേക്ക് മാറ്റേണ്ടന്ന് കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗമുക്തി നേടുന്നവരെ കട്ടച്ചിറ എൻജിനീയറിംഗ് കോളേജ്, ചെങ്ങന്നൂർ ഐ.എച്ച്.ആർ.ഡി കോളേജ് എന്നിവിടങ്ങളിലേക്ക് മാറ്റും. പിന്നീട് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമായിരിക്കും ഇവരെ ക്യാമ്പിലേക്ക് മാറ്റുക. ക്യാമ്പിൽ ഇപ്പോൾ 122 സേനാംഗങ്ങളാണ് ഉള്ളത്. ഇതിൽ 60 പേർ കൊവിഡ് പരിശോധനയിൽ രോഗമില്ലാത്തവരും 62 പേർ രോഗമുക്തി നേടിയ വരുമാണ്. ക്യാമ്പിലെ രോഗപ്രതിരോധ പ്രവർത്തനങ്ങൾ നിർവ്വഹിക്കുന്നതിനായി സാനിട്ടോറിയം സൂപ്രണ്ട് ഡോ.പി.വി. വിദ്യയ്ക്ക് കളക്ടർ ചുമതല നൽകി. സാനിട്ടോറിയം ഒ.പി. ഇന്നു മുതൽ പ്രവർത്തിയ്ക്കും.