ചേർത്തല: ചേർത്തല നഗരത്തിൽ മുട്ടം മാർക്കറ്റിന് സമീപമുള്ള പഴവർഗ വിൽപ്പനശാല ഉടമയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇവർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. ഇതിനിടെ പള്ളിത്തോട്,കടക്കരപ്പള്ളി,പട്ടണക്കാട് ഗ്രാമപഞ്ചായത്തുകളുടെ തീരപ്രദേശങ്ങളിൽ ഇപ്പോഴും നിയന്ത്റണങ്ങൾ കാറ്റിൽ പറത്തിയുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്..തൈക്കലിൽ ഉറവിടമറിയാത്ത ഒരാൾക്ക് രോഗം കണ്ടെത്തിയത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.ചേർത്തല തെക്കിൽ 14 വയസുള്ള പെൺകുട്ടിക്കടക്കം മൂന്നുപേർക്കു രോഗം സ്ഥിരീകരിച്ചു.കടക്കരപ്പള്ളിയിലും വയലാറിലും,മാരാരിക്കുളം വടക്കിലും നഗരസഭ 30ാം വാർഡിലും പുതിയ സമ്പർക്ക രോഗികളുണ്ടായി.താലൂക്ക് ആശുപത്രിയിൽ രോഗം സ്ഥിരീകരിച്ചിരുന്ന 13 ആരോഗ്യ പ്രവർത്തകരും ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് ആശുപത്രിവിട്ടു.