ആലപ്പുഴ: ഇ.എസ്.ഐ ആശുപത്രിയിലെ ഒരു ഡോക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി സൂപ്രണ്ട് സിനി പ്രിയദർശിനി അറിയിച്ചു. ജില്ലാ ആരോഗ്യവിഭാഗം ഇന്നലെ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇ.എസ്.ഐ ആശുപത്രിയിൽ സേവനങ്ങൾ ഉണ്ടാകില്ല. ഗുണഭോക്താക്കൾ റഫറൻസിനായി എറണാകുളം ഇ.എസ്.ഐ ആശുപത്രിയെ സമീപിക്കണം. സാധാരണ പരിശോധനകൾക്ക് ബദൽ സംവിധാനം ഉടൻ ഏർപ്പടുത്തും. ആശുപത്രി ഞായറാഴ്ച അണുവിമുക്തമാക്കി. 16, 17, 19, 20 എന്നീ ദിവസങ്ങളിൽ ചികിത്സയ്ക്കെത്തിയവർ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടണം. 20ന് ശേഷം ഡോക്ടർ നിരീക്ഷണത്തിലായിരുന്നു. ആലപ്പുഴ സൗത്ത് സ്റ്റേഷനിലെ കൊവിഡ് ബാധിച്ച പൊലീസുകാരന്റെ ബന്ധുവാണ് ഡോക്ടർ. ആശുപത്രിയിലെ 55 ജീവനക്കാർക്ക് ഡോക്ടറുമായി നേരിട്ട് സമ്പർക്കമുണ്ടായിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.