സംസ്ഥാനത്ത് 25 ചകിരി നിർമ്മാണ യൂണിറ്റുകൾ തുടങ്ങും
ആലപ്പുഴ : കയർമേഖല നേരിടുന്ന പ്രധാന പ്രതിസന്ധിയായ ചകിരി ക്ഷാമത്തിന് പരിഹാരം കാണാൻ സംസ്ഥാനത്താകെ 25 ചകിരി നിർമ്മാണ യൂണിറ്റുകൾ തുടങ്ങും. സംസ്ഥാന കയർ വികസന വകുപ്പ് ,നാളികേര ഉത്പന്ന കമ്പനികൾ,നാളികേര ഫെഡറേഷൻ തുടങ്ങിയവ മുഖേനയാണ് ഇവ ആരംഭിക്കുക.നീര ഉത്പാദനം പ്രതിസന്ധിയിലായതോടെ വരുമാനം ഇടിഞ്ഞ സംരംഭങ്ങൾക്ക് ഇതൊരു കൈത്താങ്ങാകും.
ഒരു യൂണിറ്റിന് 30 ലക്ഷം രൂപയാണ് ചെലവ്. ഇതിന്റെ 90 ശതമാനം കയർ വികസന വകുപ്പ് സബ്സിഡിയായി നൽകും. ഇവിടെ ഉത്പാദിപ്പിക്കുന്ന ചകിരി കയർഫെഡ് നേരിട്ട് സംഭരിക്കും. നിലവിൽ കേരളത്തിൽനിന്നുള്ള തൊണ്ടുകൾ തമിഴ്നാട്ടിലെ പൊള്ളാച്ചിയിലേക്കാണ് കൊണ്ടുപോകുന്നത്. മുമ്പ് ഏറ്റവുമധികം തൊണ്ടുകൾ ലഭിച്ചിരുന്ന സ്ഥലം ആലപ്പുഴയായിരുന്നെങ്കിൽ ഇപ്പോൾ പൊള്ളാച്ചിയായി മാറി. 25 ലക്ഷം തൊണ്ടാണ് പ്രതിദിനം കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്ക് കൊണ്ടുപോകുന്നത്.കഴിഞ്ഞ വർഷം കേരളത്തിൽ 530 കോടി തേങ്ങ ഉത്പാദിപ്പിച്ചു. ഇതിൽ 30 കോടി തൊണ്ടുകൾ മാത്രമേ കേരളത്തിൽ സംസ്കരിച്ചിട്ടുള്ളൂ. ബാക്കിയുള്ളവ പൊള്ളിച്ചിയിലേക്ക് കൊണ്ടുപോയി.
ഒരു തൊണ്ടിന് ശരാശരി രണ്ട് രൂപ വീതം വില കണക്കാക്കിയാൽ 1000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഇത് നികത്താനും സംസ്ഥാനത്തെ മൂന്ന് ലക്ഷം കയർ തൊഴിലാളികൾക്ക് വരുമാനം നൽകാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
അഞ്ച് ജില്ലകളിൽ യൂണിറ്റുകൾ
നിലവിൽ കണ്ണൂർ (25000 തൊണ്ടുകൾ സംസ്കരിക്കുന്ന ഒരു യൂണിറ്റ്), കോഴിക്കോട് (രണ്ട്), മലപ്പുറം (ഒന്ന്), പാലക്കാട് (മൂന്ന്), തൃശ്ശൂർ (ഒന്ന്) എന്നിവിടങ്ങളിൽ ചകിരി ഉത്പാദന യൂണിറ്റുകളുണ്ട്. കോഴിക്കോട്, മലപ്പുറം, പാലക്കാട്, എറണാകുളം എന്നിവിടങ്ങളിൽ പുതിയ ഓരോ യൂണിറ്റിന്റെ വീതം നിർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്.
30 : ഒരു യൂണിറ്റിന് ചിലവ് 30 ലക്ഷം
90% സബ്‌സിഡി കയർ വികസന വകുപ്പ് നൽകും
ആലപ്പുഴയിലെ പ്രതിസന്ധി
ലഭ്യമാകുന്ന ചകിരിനാരിൽ നിന്നുള്ള അനുബന്ധ ഉത്പാദനമാണ് ജില്ലയിൽ നടക്കുന്നത്. കാറ്റ് വീഴ്ച, മഞ്ഞളിപ്പ് രോഗങ്ങൾ മൂലം തൊണ്ടിന്റെ വലുപ്പത്തിൽ വലിയ വ്യത്യാസമാണ് ഉണ്ടായത്. പാലക്കാടൻ തൊണ്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ, ആലപ്പുഴയിലെ തൊണ്ടുകൾ ചകിരിക്കായി ശേഖരിക്കുന്നത് നഷ്ടമാണ്
''നാളികേര ഉത്പന്ന കമ്പനികൾക്ക് ഒരു തൊണ്ടിൽനിന്നും ശരാശരി 10 പൈസ ലാഭം കിട്ടും. ആ നിലയ്ക്ക് 25000 തൊണ്ടുകൾ സംസ്കരിക്കാൻ കഴിയുന്ന ഒരു യൂണിറ്റിൽനിന്ന് 2500 രൂപയാണ് ലാഭം കിട്ടുക. നീര ഉൽപാദനം നടത്തി നഷ്ടത്തിലായ കർഷകർക്ക് അവരുടെ ബാങ്ക് ലോൺ തിരിച്ചടയ്ക്കാൻ ഈ തുക സഹായകമാകും. തൊണ്ട് പാഴായി പോകുന്ന അവസ്ഥക്ക് പരിഹാരം മാത്രമല്ല സംസ്ഥാനത്തെ കയർ വ്യവസായം മികച്ച നിലയിലേക്ക് എത്തിക്കാനും ഇതിലൂടെ സാധിക്കും-
പി.വിനോദ് കുമാർ (ചെയർമാൻ, നാളികേര ഉത്പാദക കമ്പനികളുടെ കൺസോർഷ്യം)
.