s

നഗരത്തിലെ ആദ്യ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ നാളെ തുറക്കും

ആലപ്പുഴ: കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കായി ആലപ്പുഴ നഗരത്തിൽ നാല് ആഡിറ്റോറിയങ്ങൾ സജ്ജമായി. ആദ്യ സെന്റർ നാളെ ശക്തി ആഡിറ്റോറിയത്തിൽ പ്രവർത്തനം ആരംഭിക്കും. റെയ്ബാൻ ആഡിറ്റോറിയം, സെന്റ് ജോർജ് ആഡിറ്റോറിയം, മക്ക ടവർ എന്നിവിടങ്ങളിലാണ് മറ്റ് സെന്ററുകൾ. ഇവയുടെ പ്രവർത്തനത്തിന് ആവശ്യമായ ജീവനക്കാരെ നഗരസഭ നിയമിക്കും. ഇവരുടെ ശമ്പളം പ്ളാൻ ഫണ്ടിൽ നിന്ന് നൽകാനാണ് സർക്കാർ നിർദേശം.

ഇപ്പോൾ നഗരത്തിലെ ലോഡ്ജുകളിലാണ് കൊവിഡ് നിരീക്ഷണത്തിലുള്ളവർ കഴിയുന്നത്. നോൺ എ.സി സിംഗിൾ റൂമിന് 500രൂപയും ഡബിളിന് 1000രൂപയും എ.സിക്ക് 2000രൂപയും പ്രതിദിനം താമസക്കാർ നൽകേണ്ടിവരും. ഇതിന് പുറമേ ഭക്ഷണചെലവുംവഹിക്കണം. ഇവിടെ കഴിയുന്നവരുടെ രക്ത പരിശോധന കൃത്യസമയത്ത് നടത്താത്തതു മൂലം 14ദിവസത്തെ നിരീക്ഷണം കഴിഞ്ഞാലും മടങ്ങാൻ കഴിയില്ല. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ നിരീക്ഷണത്തിലുള്ളവർക്ക് മൂന്ന് നേരത്തെ ഭക്ഷണം നഗരസഭ ലഭ്യമാക്കും. സെന്ററുകളിലേക്ക് ആവശ്യമായ മെത്തയും തലയണയും ഫോംമാറ്റിംഗ്സിൽ നിന്നാണ് വാങ്ങിയത്.

ഏറ്റെടുത്ത

ആഡിറ്റോറിയങ്ങൾ

ശക്തി :150കിടക്കകൾ

റെയ്ബാൻ, സെന്റ് ജോർജ് :100വീതം കിടക്കകൾ,

മക്ക ടവർ : 85 കിടക്കകൾ

(65 കിടക്കകൾ അധികമായി സൂക്ഷിക്കും)

സെന്ററുകളിലേക്ക് വാങ്ങിയത്

കട്ടിൽ : 500എണ്ണം (7000 രൂപ നിരക്കിൽ)

മെത്ത : 500 എണ്ണം (1100രൂപ നിരക്കിൽ)

തലയിണ: 1000 (60രൂപ നിരക്കിൽ)

ഒരു സെന്ററിൽ വേണ്ട

ജീവനക്കാർ

ഡോക്ടർ :5

സ്റ്റാഫ് നഴ്സ് :10

ക്ളീനിംഗ് തൊഴിലാളികൾ :15

ഇ.സി.ജി ടെക്നിഷ്യൻമാർ : 3

"ശക്തി ആഡിറ്റോറിയത്തിൽ ആരംഭിക്കുന്ന ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിലെ കിടക്കകളിൽ ആളുകൾ പൂർണമായെങ്കിൽ മാത്രമേ അടുത്ത സെന്റർ ആരംഭിക്കുകയുള്ളു. മെഡിക്കൽ ഉപകരണങ്ങളുടെ ലഭ്യതയുടെ കാലതാമമാണ് പ്രവർത്തനം ആരംഭിക്കാൻ വൈകിയത്.

ഇല്ലിക്കൽ കുഞ്ഞുമോൻ, ചെയർമാൻ, ആലപ്പുഴ നഗരസഭ

"ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ സർവീസിൽ നിന്ന് വിരമിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ഉറപ്പാക്കാൻ ജില്ലാ ഭരണകൂടവും സർക്കാരും ഇടപെടണം

ബഷീർ കോയാപറമ്പിൽ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ