കർക്കടകത്തിലും പാരായണക്കാർക്ക് വരുമാനമില്ല
ആലപ്പുഴ: കർക്കടകക്കാലത്ത് ക്ഷേത്രങ്ങളിൽ മുഴങ്ങാറുള്ള രാമായണ ശീലുകൾക്ക് കൊവിഡ് വിലങ്ങുതടിയായതോടെ സംസ്ഥാനത്തെ പുരാണ പാരായണക്കാരുടെ വരുമാനമാർഗമടഞ്ഞു.
കൃഷ്ണ ദ്വൈപായന കേരള പുരാണ പാരായണ സർവകലാകാര സംഘടനയുടെ കീഴിൽ കേരളത്തിൽ രണ്ടായിരത്തിലധികം പാരായണക്കാരുണ്ട്. ഇവരിൽ ഭൂരിഭാഗവും പ്രായമായ സ്ത്രീകളാണ്. ഒരു തൊഴിൽ എന്ന നിലയിൽ ഈ രംഗത്തേക്ക് വന്നവരാണ് കൂടുതലും. ഒരു ദിവസത്തെ പുരാണ പാരായണത്തിന് ആയിരം രൂപ വരെ വേതനമായി ലഭിച്ചിരുന്നു.
സപ്താഹ, നവാഹ യജ്ഞവേദികളിലെ വായനയ്ക്ക് കൂടുതൽ വേതനം ലഭിക്കും.കൂടാതെ വീടുകളിൽ വിശേഷദിവസങ്ങളിൽ വിഷ്ണുസഹസ്രനാമ പാരായണവും, ഭാഗവതപാരായണവും ധാരാളമായി ലഭിച്ചിരുന്നെങ്കിലും കൊവിഡ് തലപൊക്കിയതോടെ എല്ലാം പാടെ നിലച്ചു. 2013ൽ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് സാംസ്കാരിക വകുപ്പിന്റെ കലാകാര ക്ഷേമനിധിയിൽ പുരാണപാരായണക്കാരെയും ഉൾപ്പെടുത്തിയിരുന്നു. അന്ന് അംഗത്വം ലഭിച്ചവർക്ക് 3,000 രൂപ വീതം പെൻഷനും ലഭിച്ചിരുന്നു. എന്നാൽ ഇപ്പോഴത്തെ സർക്കാർ ക്ഷേമനിധിയിൽ നിന്ന് പുരാണ കലാകാരൻമാരെ ഒഴിവാക്കുകയാണെന്ന് കഴിഞ്ഞ 32 വർഷമായി പാരായണ രംഗത്തുള്ള ജി.രാധമ്മ പറയുന്നു. പുതിയ അപേക്ഷകൾ വാങ്ങാൻ ക്ഷേമനിധി ബോർഡ് തയ്യാറാകുന്നില്ല.
................................
2000: കേരളത്തിലെ പാരായണക്കാരുടെ എണ്ണം
.................................
വേതനം
ഒരു ദിവസത്തെ പാരായണത്തിന് 1000 രൂപ
സപ്താഹയജ്ഞ വേദികളിൽ പ്രതിദിനം 1500 രൂപ മുതൽ
......................
കൊവിഡ് കാലത്ത് ആരും തിരിഞ്ഞുനോക്കാത്ത വിഭാഗമാണ് പുരാണപാരായണക്കാർ. സർക്കാരിൽ നിന്നോ, ക്ഷേമനിധിയിൽ നിന്നോ സഹായം ലഭിച്ചില്ല. ഞങ്ങളോടുള്ള അവഗണന അവസാനിപ്പിച്ച് അർഹമായ സഹായം നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനങ്ങൾ പോലും പരിഗണിച്ചിട്ടില്ല
ജി.രാധമ്മ, സ്ഥാപക ജനറൽ സെക്രട്ടറി, കൃഷ്ണ ദ്വൈപായന കേരള പുരാണപാരായണ സർവകലാകാര സംഘടന