ആലപ്പുഴ: ഡീസൽചെലവിന് തുല്യമായ വരുമാനം പോലും ലഭിക്കാത്തതിനാൽ സ്വകാര്യബസുകൾ ആഗസ്റ്റ് ഒന്നുമുതൽ സംസ്ഥാനവ്യാപകമായി സർവീസ് നിർത്തിവയ്ക്കും. ലോക്ക് ഡൗണിന് ശേഷം ജില്ലയിൽ പകുതിയിൽ താഴെ ബസുകൾ മാത്രമാണ് നിത്യവും സർവീസുകൾ നടത്തുന്നത്. തുടർച്ചയായ ഇന്ധനവിലവർദ്ധനവ് കൂടിയായതോടെ സർവീസുകളിൽ നിന്ന് മിച്ചം പിടിക്കാൻ ഒന്നും ലഭിക്കുന്നില്ല. പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞത് സർവീസ് തുടർന്നും നടത്തുന്നതിന് തിരിച്ചടിയായി. ജില്ലയിൽ ഭൂരിഭാഗം ബസുകളും നികുതി ഒഴിവാക്കാൻ ജി ഫോം നൽകിയിരിക്കുകയാണ്. സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നത്. ഇതിനിടെ കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ ബസുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു. റോഡ് ടാക്സിൽ ഇളവ് അനുവദിക്കുക, ഡീസൽ സബ്സിഡി അനുവദിക്കുക, അല്ലെങ്കിൽ സാമ്പത്തിക സഹായം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സ്വകാര്യ ബസ് ഉടമകൾ മുന്നോട്ട് വെയ്ക്കുന്നത്.
................
ജില്ലയിൽ ആകെ 450 സ്വകാര്യ ബസുകൾ
..................
നിവൃത്തിയില്ലാതെ സർവീസ് അവസാനിപ്പിക്കുകയാണ്. ഒഴിഞ്ഞ സീറ്റുകളുമായുള്ള സർവീസ് വലിയ ബാധ്യതയാണ് വരുത്തിവെയ്ക്കുന്നത്. പിടിച്ചു നിൽക്കാൻ സർക്കാരിൽ നിന്നുള്ള സഹായമാണ് ആവശ്യം
- പി.ജെ.കുര്യൻ, ജില്ലാ പ്രസിഡന്റ്, കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ