ആലപ്പുഴ : കൊവിഡ് പശ്ചാത്തലത്തിൽ അവരവരുടെ പരിധിയിലെ മാർക്കറ്റുകൾ പ്രവർത്തിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ നഗരസഭകൾ തയ്യാറാക്കണമെന്ന് ജില്ല കളക്ടർ നിർദ്ദേശിച്ചു.
മാർക്കറ്റുകളിൽ മൂന്ന് ഷിഫ്റ്റുകളിലായി സന്നദ്ധ സേവകരുടെ പ്രവർത്തനം ഉറപ്പാക്കണം. മാർക്കറ്റിലേക്ക് സാധനവുമായെത്തുന്ന വാഹനങ്ങൾ പ്രവേശിക്കുന്നതിനും ചില്ലറ വിപണനക്കാർക്ക് എത്തുന്നതിനും പൊതുജനങ്ങൾക്കുള്ള പ്രവേശനത്തിനും പ്രത്യേകം സമയം അനുവദിക്കണം. മാർക്കറ്റുകളിലേക്കെത്തുന്ന ദീർഘദൂര ലോറികളുടെ ഡ്രൈവർ അടക്കമുള്ള ജോലിക്കാർക്ക് പ്രത്യേകം ശുചിമുറി സൗകര്യം, വിശ്രമ സ്ഥലം എന്നിവയും ഒരുക്കണം. ഓരോ ദിവസവും മാർക്കറ്റിൽ പ്രവേശിക്കുന്ന വാഹനങ്ങളുടെ എണ്ണം ക്രമീകരിക്കണം. ഇതെല്ലാം ഉൾപ്പെടുന്ന റിപ്പോർട്ടാണ് നഗരസഭ അധികാരികൾ ജില്ല കളക്ടർക്ക് സമർപ്പിക്കേണ്ടത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാവും മാർക്കറ്റുകളുടെ നിയന്ത്റണങ്ങളിൽ ഇളവ് വരുത്തുക.