കായംകുളം: കായംകുളത്ത് ഇന്നലെ കൂടി കൊവിഡ് 19 സ്ഥിരീകരിച്ചത് ഒരാൾക്ക്.ഇതോടെ ആകെ രോഗികളുടെ എണ്ണം 107 ആയി. മുംബയിൽ നിന്ന് വന്ന് നിരീക്ഷണത്തിൽ കഴിഞ്ഞയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇനി 250 പേരുടെ ഫലങ്ങൾ വരാനുണ്ട്.രോഗ ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായതോടെ കണ്ടയ്ൻമെന്റ് സോണായ കായംകുളത്ത് ഇളവുകൾ വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
30 വരെ നിയന്ത്രണങ്ങൾ വേണമെന്നാണ് കളക്ടറുടെ നിർദ്ദേശം. ഇളവ് അനുവദിയ്ക്കണമെന്ന് ആവശ്യപ്പെട്ടതായി നഗരസഭ ചെയർമാൻ എൻ.ശിവദാസൻ പറഞ്ഞു. കായംകുളം നിയോജക മണ്ഡലത്തിൽ ആകെ 187 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 89 പേർക്ക് രോഗം ഭേദമായി.98 പേർ ചികിത്സയിലുണ്ട്.
മൂന്നാഴ്ച്ച മുൻപ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്ക് കണ്ടെയ്ൻമെന്റ് സോണിൽ ഉടൻ ഇളവ് അനുവദിക്കണമെന്ന്
സോഷ്യൽ ഫോറം ആവശ്യപ്പെട്ടു. കൂടുതൽ ഇളവ് അനുവദിച്ച് ജനജീവിതം സാധാരണ അവസ്ഥയിലേക്ക് എത്തിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണം. വിദ്യാർത്ഥികളുടെ ഉപരിപഠനാർത്ഥം ഓൺലൈൻ വഴി അപേക്ഷകളും ഫീസും അടക്കേണ്ടതിനാൽ ബന്ധപ്പെട്ട സേവന, വ്യാപാര സ്ഥാപനങ്ങൾ ഉടൻ തുറന്ന് കൊടുത്തില്ലെങ്കിൽ കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിന് തടസം നേരിടുന്നതാണെന്ന് സോഷ്യൽഫോറം ചൂണ്ടിക്കാട്ടി. അഡ്വ.ഒ.ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.
ബലി പെരുന്നാൾ പ്രമാണിച്ച് ടൗണിലെ എല്ലാ വിഭാഗം വ്യാപാര സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നാളെ മുതൽ തുറന്ന് പ്രവർത്തിക്കുന്നതിന് അനുമതി നൽകണമെന്ന് യു.ഡി.എഫ് പാർമെന്ററി പാർട്ടി ലീഡർ യു.മുഹമ്മദ് ആവശ്യപ്പെട്ടു. മുപ്പത്തിയൊന്നാം തീയതി ബലി പെരുന്നാൾ ആണെന്നിരിക്കെ, കച്ചവട സ്ഥാപനങ്ങൾ അടച്ചിടുന്നത് വ്യാപാരികൾക്ക് കടുത്ത സാമ്പത്തിക നഷ്ടം വരുത്തി വയ്ക്കും. നിയന്ത്രണങ്ങൾ കാരണം ചെറുകിട വ്യാപാരികളും തൊഴിലാളികളും കടുത്ത ദുരിതത്തിൽ ആണെന്നും അത് കൊണ്ട് ഈ കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ജില്ലാ കളക്ടറോട് അഭ്യർത്ഥിച്ചു.