ആലപ്പുഴ: മൂന്ന് ദശാബ്ദത്തോളം മാലിന്യവാഹിനിയായി ഒഴുകിയ കാവിൽതോടിനും തോടിന്റെ വടക്കേക്കരയിലുള്ള നാടാരുചിറ റോഡിനും പുതുജീവൻ. എ.എൻ പുരം, തിരുമല, പഴവീട് വാർഡുകളിൽ നിന്നുള്ള മാലിന്യങ്ങൾ കാവിൽത്തോട്ടിലേക്കാണ് എത്തിയിരുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് തോട് നവീകരണത്തിന് പദ്ധതിയായത്. ഒറ്റ മഴയിൽ തന്നെ റോഡ് ചെളിക്കുളമാകുകയും, വെള്ളപ്പൊക്ക ഭീഷണി നേരിടുകയും ചെയ്യുന്ന നാടാരുചിറ ഭാഗത്തിന്റെ വികസനത്തിനായി വാർഡ് കൗൺസിലർ ഷോളി സിദ്ധകുമാർ തുറമുഖ വകുപ്പിനെ സമീപിച്ചാണ് ഒരു കോടി രൂപ പാസാക്കിയത്. നഗരസഭയുടെ വക 25 ലക്ഷവും അനുവദിച്ചു. തുറമുഖവകുപ്പും, നഗരസഭയും ചേർന്ന് 2270 മീറ്റർ റോഡാണ് നിർമ്മിക്കുക. കിഫ്ബിയിൽ ഉൾപ്പെടുത്തി 650 മീറ്റർ നീളത്തിൽ തോട് നവീകരണവും, കൽക്കെട്ട് നിർമ്മാണവും അവസാന ഘട്ടത്തിലാണ്. കുടിവെള്ള പദ്ധതിയുടെ ഭാഗമായ പൈപ്പിടൽ പൂർത്തിയായ ശേഷമാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
................
പ്രവർത്തികൾ
തോട് വൃത്തിയാക്കൽ, സംരക്ഷണഭിത്തി നിർമ്മാണം, കൽക്കെട്ട് നിർമ്മാണം, റോഡ് നിർമ്മാണം
..................
പ്രദേശവാസികളുടെ ഏറെ നാളായുള്ള കാത്തിരിപ്പിനാണ് വിരാമമാകുന്നത്. കുടിവെള്ള പദ്ധതിക്ക് പ്രാമുഖ്യം നൽകിയതിനാൽ പൈപ്പിടൽ പൂർത്തിയാകുന്നതുവരെ പ്രവർത്തനങ്ങൾ താമസിപ്പിക്കേണ്ടി വന്നു. തോട്ടിലെ മാലിന്യം നീക്കി. സംരക്ഷണഭിത്തിയുടെയും കൽക്കെട്ടിന്റെയും നിർമ്മാണം അവസാനഘട്ടത്തിലാണ്. ഉടൻ തന്നെ റോഡ് നിർമ്മാണവും ആരംഭിക്കും. - ഷോളി സിദ്ധകുമാർ, വാർഡ് കൗൺസിലർ
................