ചാരുംമൂട്: താലൂക്കുകളും തദ്ദേശ സ്വയംഭരണ വാർഡുകളും മുഴുവനായി അടച്ചിടാതെ രോഗവ്യാപനമുള്ള വാർഡുകൾ മാത്രം അടക്കുകയും കണ്ടെയ്ൻമെന്റ് സോണുകളിലെ മറ്റ് മേഖലകളിലെ എല്ലാ വ്യാപാരസ്ഥാപനങ്ങൾക്കും രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴു വരെ പ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു.
അവശ്യസാധനങ്ങളുടെ വിപണനത്തിന് വ്യാപാരികൾക്ക് രാവിലെ ഏഴുമുതലോ ഒമ്പത് മുതലോ പ്രവർത്തനം തുടങ്ങി രണ്ട് മണി വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. മറ്റ് സ്ഥാപനങ്ങൾക്കൊന്നും പ്രവർത്തനാനുമതിയുമില്ല. കുറഞ്ഞ സമയത്തിനുള്ളിൽ ധാരാളം ആളുകൾ തുറന്ന് വെച്ച കടകൾക്ക് മുമ്പിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ കൂട്ടം കൂടുകയാണ്.
കണ്ടെയ്ൻമെന്റ് സോണുകളിലെ ജനങ്ങളെ സോൺ വിട്ട് പുറത്തിറങ്ങേണ്ടതില്ലാത്ത സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത്.ഈ ആവശ്യങ്ങൾ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികൾക്ക് നിവേദനം നൽകിയിട്ടുണ്ട്. ഫലം കണ്ടില്ലങ്കിൽ കേരളത്തിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അനിശ്ചിതകാലത്തേക്ക് അടച്ചിട്ട് കൊണ്ട് ശക്തമായ സമരപരിപാടികൾ, ഉപജീവനത്തിന് വേണ്ടി ചിലപ്പോൾ കോവിസ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊണ്ട് വരെ പ്രതിഷേധിക്കാൻ തയ്യാറായി നിൽക്കുകയാണ് വ്യാപാരി സമൂഹം.
അത്തരമൊരു സാഹചര്യം സൃഷ്ടിക്കരുതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഒരു പ്രസ്താവനയിൽ സർക്കാരിനോട് അഭ്യർത്ഥിച്ചു.