. നിരവധി വീടുകളിൽ വെള്ളം കയറി അഞ്ച് വീടുകൾ ഭാഗികമായി തകർന്നു
അമ്പലപ്പുഴ: പുറക്കാട് പഞ്ചായത്തിന്റെ തീരപ്രദേശങ്ങളിൽ കടലാക്രമണം ശക്തമായതിനെത്തുടർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ കടലാക്രമണം രാത്രി വൈകിയും തുടരുകയാണ്.
അഞ്ചാലും കാവ് മുതൽ പഴയ പുറക്കാട് വരെയുള്ള ഭാഗങ്ങളിലാണ് കടലാക്രമണം അതിരൂക്ഷം. 1,13, 14, 15, 16, 17, 18 വാർഡുകളിലെ 500 ഓളം വീടുകളിലാണ് വെള്ളം കയറിയത്.പതിനേഴാം വാർഡിലെ 5 ഓളം വീടുകൾ ഭാഗികമായി തകർന്നു.ഒന്നാം വാർഡിൽ മോഹൻദാസ് തെക്കേയറ്റത്ത്, ശശി പുതുവൽ, ഷൈമചന്ദ്രൻ ,ഉദയഭാനുപറമ്പിൽ, ബിന്ദു ലത പുതുവൽ, സുരേന്ദ്രൻ കൊച്ചു പൊഴി തുടങ്ങിയവരുടെ വീടുകൾ തകർച്ചാഭീഷണിയിലാണ്.ഇന്നലെ പുലർച്ചെ മുതൽ ശക്തമായ തിരമാലകൾ കരയിലേയ്ക്ക് അടിച്ചുകയറുകയായിരുന്നു. ക്വാറന്റൈനിലുള്ളവർ കഴിയുന്ന വീടുകളിലും വെള്ളം കയറി. കൊവിഡ് വ്യാപനം നിലനിൽക്കുന്നതിനാൽ മറ്റു സ്ഥലങ്ങളിലേയ്ക്ക് മാറി താമസിക്കാനാകാത്ത സ്ഥിതിയിലാണ് തീരവാസികൾ. . വൈകിട്ടോടെ വണ്ടാനം മാധവമുക്ക്, നീർക്കുന്നം ഭാഗത്തും കടലാക്രമണം ശക്തമായി.