മാവേലിക്കര: ഓണാട്ടുകര പുസ്തക മൂലയ്ക്കായി പുസ്തക ശേഖരണം ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് നാടകകൃത്ത് ഫ്രാൻസിസ്.ടി.മാവേലിക്കരയിൽ നിന്നും ആദ്യപുസ്തകം ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. മുരളീധരൻ തഴക്കര, പ്രൊഫ.കോഴിശേരി രവീന്ദ്രനാഥ്, ഹരിദാസ് പല്ലാരിമംഗലം, റൂബി രാജ് എന്നിവർ സംസാരിച്ചു. ഓണാട്ടുകരയിൽ മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ എല്ലാ എഴുത്തുകാരുടെയും പുസ്തകങ്ങൾ വരുംതലമുറയ്ക്കും പ്രയോജനമാക്കത്തക്ക വിധത്തിൽ ബ്ലോക്ക് പഞ്ചായത്തിൽ ക്രമീകരിക്കുന്ന പദ്ധതിയാണ് ഓണാട്ടുകര പുസ്തകമൂല. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ഒരുങ്ങുന്ന ഓണാട്ടുകര ചരിത്ര- പൈതൃക - കാർഷിക മ്യൂസിയത്തിന്റെ ഭാഗമായാണ് പുസ്തക മൂല ഒരുക്കുന്നത്. ഇന്നലെ നിരവധി പേരാണ് പുസ്തകങ്ങൾ എത്തിക്കുവാനായി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബ്ലോക്ക് ഓഫീസിൽ എത്തിച്ചേർന്നത്. ആഗസ്റ്റ് ആദ്യ ആഴ്ച ലൈബ്രറി ഉദ്ഘാടനം ചെയ്യുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.രഘുപ്രസാദ് അറിയിച്ചു.