മാവേലിക്കര: പരോളിലിറങ്ങിയ പ്രതിക്ക് വീട്ടുവഴക്കിനെ തുടർന്ന് വെട്ടേറ്റു. തഴക്കര അറനൂറ്റിമംഗലം കളപ്പുരയിൽ ശിവനെ(50) യാണ് മക്കൾ വെട്ടി പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. ഇന്നലെ രാത്രി 7 മണിയോടെ ശിവനും മക്കളായ വിഷ്ണു, വിശാഖ് എന്നിവരും തമ്മിൽ വീട്ടിൽ വഴക്കുണ്ടായിരുന്നു. തുടർന്ന് പൊലീസ് എത്തി ഇത് പരിഹരിച്ചിരുന്നു. ഇതിനുശേഷം വീണ്ടും വാക്കുതർക്കം ഉണ്ടാകുകയും മക്കൾ പിതാവിനെ വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശിവനെ മാവേലിക്കര പൊലീസ് എത്തിയാണ് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. പരിക്ക് ഗുരുതരമല്ല.