ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ഇടക്കുന്നം 306ാം നമ്പർ ശാഖായോഗത്തിലെ ഗുരുക്ഷേത്രത്തിന്റെ ചില്ല് എറിഞ്ഞു തകർത്ത സംഭവത്തിൽ മുഖ്യപ്രതിയായ മുൻ ശാഖാ സെക്രട്ടറി മുരളി ഗുരുവായൂരിനെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസിൽ നേരത്തെ അറസ്റ്റിലായ ഇടക്കുന്നം വിഷ്ണു ഭവനത്തിൽ ഹരി(32) യുടെ മൊഴിപ്രകാരമാണ് മുരളീ ഗുരുവായൂരിന്റെ
പങ്കു വെളിച്ചത്തുവന്നത്.
ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്ന മേയ് 17 ന് രാത്രിയിലായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് : ശാഖയിലെ നേതൃത്വത്തിലുണ്ടായ അസ്വാരസ്യങ്ങളുടെ ഭാഗമായി സെക്രട്ടറിയായിരുന്ന മുരളീധരനെ മാറ്റാൻ ഒരു വിഭാഗം ശ്രമം നടത്തി.18 ന് അവിശ്വാസം കൊണ്ടുവരാനായിരുന്നു നീക്കം. ഇതിൽ നിന്നും ശ്രദ്ധ തിരിക്കുവാനായിരുന്നു തലേ ദിവസം രാത്രി ആക്രമണം ആസൂത്രണം ചെയ്തത്. മുരളീധരന്റെ നിർദ്ദേശപ്രകാരം നടന്നു വന്ന് ഗുരുമന്ദിരത്തിന്റെ ചില്ല് എറിഞ്ഞു തകർത്തതായാണ് ഹരിയുടെ മൊഴി. സംഭവ ദിവസം രാത്രി സമീപ വാസിയായ ആൾ ഹരിയെ ഗുരുക്ഷേത്രത്തിന് സമീപം കണ്ടിരുന്നു. ഇത് നാട്ടിൽ സംസാരമായതോടെ പൊലീസ് ഹരിയെ അറസ്റ്റു ചെയ്തത്. മുരളിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.