ഫോട്ടോ, വീഡിയോ മേഖല പ്രതിസന്ധിയിൽ
ആലപ്പുഴ: ചടങ്ങുകൾ കൊവിഡിൽ 'ഫോക്കസ്' ചെയ്യപ്പെട്ടതോടെ ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരും ദുരിതത്തിൽ. നിയന്ത്രണങ്ങൾ വന്ന ആദ്യനാളുകളിൽ, അധികം വൈകാതെയൊരു മാറ്റമുണ്ടാവുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, കൊവിഡിൻറ്റെ നിലവിലെ അവസ്ഥ വിലയിരുത്തുമ്പോൾ അടുത്തെങ്ങും കാമറ കൈയിലെടുക്കേണ്ടി വരില്ലെന്നാണ് ഫോട്ടോഗ്രാഫർമാരുടെ പക്ഷം.
ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷനിൽ അംഗത്വമുള്ള 1200 സ്റ്റുഡിയോകളാണ് ജില്ലയിലുള്ളത്. മേഖലയിൽ തൊഴിലെടുക്കുന്നവരുടെ എണ്ണം 18,000ത്തോളം വരും. മാർച്ച് മുതൽ മേയ് വരെയുള്ള കല്യാണ സീസൺ ഇക്കുറി നഷ്ടപ്പെട്ടു. ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലും വലിയ പ്രതീക്ഷയായിരുന്നു. സ്കൂളുകൾ തുറക്കാത്തതിനാൽ പാസ്പോർട്ട് സൈസ് ഫോട്ടോയെടുപ്പും മുടങ്ങി. ലക്ഷങ്ങൾ മുടക്കി വാങ്ങിയ കാമറകളുടെ തിരിച്ചടവും മുടങ്ങി. ഫോട്ടോ, വീഡിയോ ഗ്രാഫർമാർ വീട്ടിലിരിക്കാൻ തുടങ്ങിയതോടെ ലാബുകളുടെ പ്രവർത്തനവും നിശ്ചലമായി.
# കൈത്താങ്ങ്
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ഒരു ലക്ഷം രൂപ കൈമാറി. കൊവിഡ് പശ്ചാത്തലത്തിൽ പൊലീസ് സേനയ്ക്ക് നിരീക്ഷണം നടത്തുന്നതിനായി സംഘടന സൗജന്യമായി ഡ്രോൺ കാമറയും ഓപ്പറേറ്റർമാരുടെ സൗജന്യ സേവനവും നൽകിയിരുന്നു. 2018 പ്രളയകാലത്ത് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ചു ലക്ഷം രൂപയും ഓഖി ചുഴലിക്കാറ്റ് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയും നൽകിയിരുന്നു.
.........................................
ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരും അനുഭവിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. വായ്പകളുടെ തിരിച്ചടവ് സുഗമമാകും വരെ പലിശ ഒഴിവാക്കി തരണം
ബാബുരാജ്, മുൻ സംസ്ഥാന വൈസ് പ്രസിഡന്റ്, ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ.
..................................................
# അസോസിയേഷനിലെ അംഗങ്ങൾ
ചേർത്തല-297, അമ്പലപ്പുഴ,കുട്ടനാട്-284, കാർത്തികപ്പള്ളി-242, മാവേലിക്കര-227, ചെങ്ങന്നൂർ-120,
...............................