ആലപ്പുഴ: ഉപയോഗശൂന്യമായ ഫർണിച്ചറുകൾ,മേശ, കസേര, അലമാര, ട്രാക്ക്, മേൽക്കൂരയിലെ ടിൻഷീറ്റ്, ഇരുമ്പ്, പി.വി.സി പൈപ്പുകൾ, കമ്പ്യൂട്ടർ ടേബിൾ എല്ലാം കുന്നുകൂടി അലങ്കോലമായി കിടക്കുന്നത് കണ്ടാൽ ഇതെന്താ ആക്രിക്കച്ചവടശാലയാണോ എന്ന് തോന്നിപ്പോകും. എന്നാൽ ഇത് ആലപ്പുഴ ജില്ലാ കളക്ടറേറ്റിന്റെ മേൽക്കൂരയാണ്.
ആർ.ടി.ഒ ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലാണ് വിവിധ വകുപ്പുകളുടെ പാഴ് വസ്തുക്കൾ കൂട്ടിയിട്ടിരിക്കുന്നത്. ഇതിനോട് ചേർന്നാണ് ഡ്രൈവിംഗ് ലൈസൻസിന് മുന്നോടിയായി നടത്തുന്ന ലേണേഴ്സ് ടെസ്റ്റ് പരിശീലന കേന്ദ്രം സജ്ജമാക്കിയിട്ടുള്ളത്. ഈ കാബിനിലേക്ക് കടക്കണമെങ്കിൽ കൂട്ടിയിട്ടിരിക്കുന്ന പഴയ ഫർണീച്ചറുകളുടെ ഇടയിലൂടെ വേണം. കൊവിഡിനെ തുടർന്ന് ലേണേഴ്സ് ടെസ്റ്റ് പരിശീലനം നടക്കാത്തതിനാൽ മുറി ആർ.ടി.ഒയുടെ വാഹന പരിശോധനാ സ്ക്വാഡിലെ ജീവനക്കാരാണ് ഉപയോഗിക്കുന്നത്. പ്രധാനകെട്ടിടത്തിന്റെ മുകൾ ഭാഗത്തെ ടിൻഷീറ്റുകൾ ദ്രവിച്ച് ചോർന്ന് ഒലിച്ചതിനാൽ വെള്ള പൂശൽ ജോലിയുടെ ഭാഗമായി കുറച്ച് ഭാഗത്തെ മാറിയ പഴകിയ ഷീറ്റും ഫർണീച്ചറുകളോടൊപ്പം കൂട്ടിയിട്ടിരിക്കുന്ന സ്ഥിതിയും ഉണ്ട്.
കാടുമൂടി വാഹനങ്ങൾ
കളക്ടറേറ്റിന്റെ വടക്കുപടിഞ്ഞാറെ ഭുഗത്ത് എത്തിയാൽ കാടുമൂടി നശിക്കുന്ന വാഹനങ്ങൾ കാണാം. ഇവ നീക്കാനും നടപടി ഉണ്ടാവണം. വാഹനങ്ങളുടെ സ്ഥിതിഗതികൾ വിലയിരുത്തി കേസുകളിലുൾപ്പെട്ടവയൊഴികെയുള്ളവ അതേ നിലയിൽ ലേലം ചെയ്യാൻ വേണ്ട നടപടികളെടുക്കുകയാണ് വേണ്ടത്. ഇവയെല്ലാം അതാത് വകുപ്പ് നിയമാനുസരണം കൃത്യസമയത്ത് ലേലം ചെയ്താൽ തന്നെ ലക്ഷകണക്കിന് രൂപ സർക്കാർ ഖജനാവിൽ ലഭിക്കും.
അംബാസഡർ കാറും ജീപ്പും ഉൾപ്പെടെ അഞ്ച് വാഹനങ്ങൾ മിക്കവാറും നാശത്തിന്റെ വക്കിലാണ്. സാമൂഹ്യ നീതി, ധനകാര്യം എന്നീ വകുപ്പുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് ഇവിടെ കിടക്കുന്നത്. പി.ആർ.ഡി ഓഫീസ് കെട്ടിട നിർമ്മാണത്തിന്റെ ഭാഗമായി മുറിച്ചിട്ട ആൽമരത്തിന്റെ ചില്ലകളും നീക്കം ചെയ്തിട്ടില്ലെന്നും പരാതിയുണ്ട്.
....................................
കളക്ടറേറ്റ് കെട്ടിടത്തിന് മുകൾഭാഗത്ത് വിവിധ വകുപ്പുകളുടെതായി കിടക്കുന്ന പാഴ് വസ്തുക്കൾ ലേലം ചെയ്യാൻ ബന്ധപെട്ട വകുപ്പുകൾക്ക് നിർദേശം നൽകും. നിയമം അനുസരിച്ച് വേഗത്തിൽ ലേല നടപടികൾ പൂർത്തിയാകാൻ കത്ത് നൽകും.
അഡിഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്