തീരമേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം പ്രതിസന്ധിയിലാകുമെന്ന് സംഘടനകൾ
ആലപ്പുഴ: കേന്ദ്രസർക്കാർ ഇപ്പോൾ തീരുമാനിച്ചിട്ടുള്ളതു പോലെ ആഗസ്റ്റ് ഒന്നിന് പുതിയ കപ്പൽ പാത യാഥാർത്ഥ്യമായാൽ ആലപ്പുഴ, കൊല്ലം ജില്ലകളുടെ തീരമേഖലയിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനം പ്രതിസന്ധിയിലാകും. കപ്പൽ പാതയിൽ ബദൽ ക്രമീകരണം ഏർപ്പെടുത്തണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്താനുള്ള സമരമാർഗങ്ങൾ ആലോചിക്കുകയാണ് മത്സ്യത്തൊഴിലാളി സംഘടനകൾ.
ചരക്കു കപ്പലുകളുടെ സഞ്ചാരപഥത്തിൽ മത്സ്യബന്ധന ബോട്ടുകൾ എത്തപ്പെടുന്നതുമൂലമുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് പുതിയ പാത നിശ്ചയിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം. ഇതിൽ അല്പം വാസ്തവമുണ്ടെങ്കിലും പുതിയ പാത വരുന്നതോടെ മത്സ്യ ബന്ധന ബോട്ടുകൾക്ക് ഭാവിയിൽ കൂടുതൽ നിയന്ത്രണങ്ങൾ വവരുമോ എന്ന ആശങ്കയാണ് പരക്കെയുള്ളത്. കൊല്ലം ബാങ്കിന്റെ (കൊല്ലം പരപ്പ്) മത്സ്യ പ്രജനന ശേഷിയെ ഇത് പ്രതികൂലമായി ബാധിക്കുമെന്നാണ് മത്സ്യബന്ധന മേഖലയിലുള്ളവരുടെ അഭിപ്രായം.കേരള തീരങ്ങളിൽ ഏറ്റവുമധികം മത്സ്യം ലഭ്യമാവുന്നത് കൊല്ലം പരപ്പു മൂലമാണ്.
കൊല്ലം ബാങ്ക് (കൊല്ലം പരപ്പ്)
കൊല്ലം തീരക്കടലിൽ 200 മുതൽ 500 മീറ്റർ വരെ ആഴത്തിലും 38 മുതൽ 68 നോട്ടിക്കൽ മൈൽ വരെ ദൂരെയായും തിരുവനന്തപുരം ജില്ലയിലെ വർക്കല മുതൽ കായംകുളം തീരം വരെ വ്യാപിച്ചു കിടക്കുന്ന മത്സ്യ ബന്ധന മേഖലയാണ് കൊല്ലം ബാങ്ക്.കന്യാകുമാരി മുതൽ കൊച്ചി വരെയുള്ള പ്രദേശങ്ങളിലെ ആയിരക്കണക്കിന് മത്സ്യ ബന്ധന യാനങ്ങളും മത്സ്യ തൊഴിലാളികളുമാണ് ഈ മേഖലയിൽ മത്സ്യബന്ധനത്തിന് എത്താറുള്ളത്.
കൊല്ലം, നീണ്ടകര, കായംകുളം എന്നീ വലിയ ഹാർബറുകളും നിരവധി ചെറുതും അനുബന്ധമായിട്ടുള്ളതുമായ ഹാർബറുകളും ഈ മേഖലയിലുണ്ട്.നെയ് മീൻ, ചൂര,ആവോലി, സ്രാവ്, ചെമ്മീൻ തുടങ്ങി വിലപിടിപ്പുള്ള സമുദ്രോത്പന്നങ്ങൾ ധാരാളമായി ലഭിക്കുന്ന പ്രദേശവുമാണ്. ഈ മത്സ്യങ്ങളുടെ ലഭ്യതയും പുതിയ പാതയുടെ വരവോടെ കുറയും.
രണ്ട് സംസ്ഥാനം, രണ്ട് തീരുമാനം
ഇതേ പ്രശ്നം തമിഴ് നാടിന്റെ തീരത്ത് ഉണ്ടായെങ്കിലും തമിഴ് നാട് സർക്കാരിന്റെയും അവിടെ നിന്നുള്ള എം.പിമാരുടെയും സമ്മർദ്ദഫലമായി പുതിയ പാതയിൽ പുനഃക്രമീകരണം നടത്തി.കന്യാകുമാരിക്ക് തെക്ക് വാഡ്ജ് ബാങ്ക് എന്ന മത്സ്യസങ്കേതമാണ് ഇതിലൂടെ രക്ഷപ്പെട്ടത്. കേരളത്തിന്റെ പ്രധാന മത്സ്യസങ്കേതമായ കൊല്ലം ബാങ്കിൽ (പരപ്പിൽ) കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 49 ബോട്ടുകളാണ് അപകടത്തിൽ തകർന്നത്. 11 മത്സ്യത്തൊഴിലാളികൾക്ക് ജീവഹാനിയുണ്ടായി. ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാണ് പുതിയ പാത നിശ്ചയിക്കുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം.
''ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ സമുദ്റ മേഖലയിലെ പുതിയ കപ്പൽ പാതയിൽ നിന്നും കൊല്ലം പരപ്പിനെ ഒഴിവാക്കണം. ഇപ്പോഴത്തെ ഉത്തരവ് കേന്ദ്രം മരവിപ്പിക്കണം. മത്സ്യ സങ്കേതങ്ങളെ പൂർണ്ണമായും ഒഴിവാക്കി കൊണ്ടായിരിക്കണം പുതിയ കപ്പൽ പാത
-ടി.ജെ.ആഞ്ചലോസ്,ടി.രഘുവരൻ
മത്സ്യത്തൊഴിലാളി ഫെഡറേഷൻ ഭാരവാഹികൾ