കായംകുളം: കായംകുളത്ത് ഇന്നലെ 9 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 116 ആയി. സസ്യമാർക്കറ്റ് ഉൾപ്പെടുന്ന രോഗവ്യാപനം കൂടിയ 9-ാം വാർഡിൽ ആറുപേർക്ക് സമ്പർക്കത്തിലൂടെയും 10-ാം വാർഡിൽ അന്യസംസ്ഥാനത്തുനിന്ന് വന്ന് നിരീക്ഷണത്തിലായിരുന്ന മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 21 ാം തീയതിമുതൽ സ്രവങ്ങൾ പരിശോധനയ്ക്ക് എടുത്ത 400 പേരുടെ ഫലങ്ങൾ ഇനി വരാനുണ്ട്.
25 ദിവസമായി അടച്ചിട്ടിരിക്കുന്ന പട്ടണത്തിൽ നിയന്ത്രണങ്ങളിൽ അയവ് വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ ആശങ്ക മാറിയിട്ടില്ലന്നും സമ്പർക്ക വ്യാപനം തുടരുകയാണന്നും നഗരസഭാ ചെയർമാൻ എൻ.ശിവദാസൻ പറഞ്ഞു. നഗരത്തിൽ രോഗബാധിതരുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉള്ളത്. ആരോഗ്യ വകുപ്പിന്റ നിർദ്ദേശം അനുസരിക്കാത്തതാണ് രോഗ വ്യാപനത്തിന് കാരണം. ഇതുമൂലമാണ് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിക്കാൻ ജില്ലാ ഭരണകൂടത്തിന് കഴിയാതെ പോകുന്നതെന്നും ചെയർമാൻ പറഞ്ഞു.
രോഗനിർണയത്തിനായി താലൂക്ക് ആശുപത്രിയിൽ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടും സമയത്ത് പരിശോധനയ്ക്ക് വിധേയരാകാത്തവർ രോഗവ്യാപനം നടത്തുന്നു.
സസ്യമാർക്കറ്റ് സ്ഥിതിചെയ്യുന്ന 9-ാം വാർഡിൽ രോഗവ്യാപനം നടക്കുന്നത് അങ്ങേയറ്റം ജാഗ്രതയോടുകൂടി കാണണം. ഇവിടെ ക്ലസ്റ്റർ തിരിച്ച് ബോധവത്കരണവും ശുചീകരണ പ്രവർത്തനവും നടത്തും.
നഗരത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുവാൻ നഗരസഭയ്ക്ക് അധികാരമില്ല. ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്കു മാത്രമേ ഇതിന് അധികാരമുള്ളൂ.
എൻ.ശിവദാസൻ, നഗരസഭാ ചെയർമാൻ