കായംകുളം: കായംകുളം നഗരസഭയിൽ ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു മുതൽ പതിനാലു വരെ ഓൺലൈനായി​ അപേക്ഷ സമർപ്പിക്കാം.

തദ്ദേശഭരണ സ്ഥാപനങ്ങളിൽ സജ്ജീകരിക്കുന്ന ഹെൽപ് ഡെസ്‌കുകൾ വഴിയോ സ്വന്തമായോ അപേക്ഷകൾ സമർപ്പിക്കാം. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. ഇതുപ്രകാരം 2020 ജൂലായ് ഒന്നിനു മുൻപ് റേഷൻ കാർഡ് ഉള്ളതും കാർഡിൽ പേരുള്ള ഒരാൾക്ക് പോലും ഭവനം ഇല്ലാത്തവരുമായ ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിത ഭവനരഹിതർ എന്നിവർക്ക് അപേക്ഷിക്കാം.

അപേക്ഷിക്കുന്നവരുടെ വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ താഴെയായിരിക്കണം. മറ്റു നിബന്ധനകളും മാർഗരേഖയിൽ വിശദമാക്കിയിട്ടുണ്ട്. പട്ടികജാതി, പട്ടികവർഗ, മത്സ്യത്തൊഴിലാളി വിഭാഗങ്ങൾക്ക് നിബന്ധനകളിൽ ഇളവുകൾ ഉണ്ട്. ഇതു പ്രകാരം അപേക്ഷിക്കുന്ന ഗുണഭോക്താക്കളെ സർക്കാർ നിശ്ചയിച്ചിട്ടുള്ള ഒൻപത് ക്ലേശഘടകങ്ങളുടെ അടിസ്ഥാനത്തിൽ മുൻഗണന നിശ്ചയിച്ച് പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് നഗരസഭാ ചെയർമാൻ അറിയിച്ചു.