adhithya-boat

പൂച്ചാക്കൽ: തവണക്കടവ്- വൈക്കം ഫെറിയിൽ സർവ്വീസ് നടത്തുന്ന സംസ്ഥാന ജലഗതാഗത വകുപ്പിന്റെ സോളാർ ബോട്ട് ആദിത്യയ്ക്ക് അന്താരാഷ്ട്ര തലത്തിലുള്ള 'ഗുസ്താവ് ട്രോവ്" ബഹുമതി ലഭിച്ചു. പണം സ്വീകരിച്ച് സർവ്വീസ് നടത്തുന്ന ലോകത്തെ ഏറ്റവും മികച്ച വൈദ്യുത ബോട്ട് എന്ന അംഗീകാരമാണ് ആദിത്യക്ക് ലഭിച്ചത്. മത്സരത്തിൽ ഏഷ്യയിൽ നിന്നുള്ള ഏക എൻട്രിയായിരുന്നു ആദിത്യ.

മൂന്നു കിലോമീറ്റർ നീളമുള്ള വൈക്കംഫെറിയിൽ മൂന്നു വർഷമായി തുടർച്ചയായി സർവ്വീസ് നടത്തുന്ന ആദിത്യയിൽ ഏകദേശം പത്തുലക്ഷം പേർ ഇതിനകം യാത്ര ചെയ്തു . ടൂറിസ്റ്റ് ബോട്ടിന്റെ സൗകര്യങ്ങളാണ് ബോട്ടിനുള്ളിൽ ഒരുക്കിയിട്ടുള്ളത് .അന്തരീക്ഷത്തിനോ ജലത്തിനോ യാതൊരു മലിനീകരണവും ഉണ്ടാക്കാത്ത ആദിത്യയുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസിലാക്കാൻ നാൽപ്പതോളം വിദേശ പ്രതിനിധികൾ എത്തിയിരുന്നു.